തിരുവനന്തപുരം; സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. മാസങ്ങളായി മുടങ്ങിയ ഹോണറേറിയം നൽകണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്തെ ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ സമരത്തിലാണ് ആശാ വർക്കർമാർ. 2024 നവംബർ മാസം മുതൽ ഹോണറേറി ലഭിക്കുന്നില്ലെന്നു അവർ പറയുന്നു. ഇതിനിടെയാണ് ആരോഗ്യവകുപ്പിന്റെ ന്യായീകരണ കുറിപ്പ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവർക്കർമാരെ 2007 മുതൽ നിയമിച്ചത്. അവരെ ഏതെങ്കിലും സ്ഥാപനത്തിൽ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത്. വിവിധ സ്‌കീമുകൾ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാണ് അവരെ നിയോഗിക്കുന്നത്. അതിനാൽ അവർക്ക് സ്ഥിരം ശമ്പളമല്ല നൽകുന്നത്. മറിച്ച് ആരോഗ്യ സേവനങ്ങൾക്കുള്ള ഇൻസെന്റീവായിട്ടാണ് ഓരോ മാസവും നൽകുന്നത്. ആശാവർക്കർമാർക്ക് 7,000 രൂപ മാത്രമാണ് കിട്ടുന്നതെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. അത് തികച്ചും അടിസ്ഥാനരഹിതമാണ്. ടെലഫോൺ അലവൻസ് ഉൾപ്പെടെ 13,200 രൂപ വരെ ആശാ പ്രവർത്തകർക്ക് ലഭിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാർ മാത്രം മാസം തോറും 7000 രൂപയാണ് ഹോണറേറിയം നൽകുന്നത്. 2016ന് മുമ്പ് ആശാ വർക്കർമാരുടെ പ്രതിമാസ ഹോണറേറിയം 1,000 രൂപ മാത്രം ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഹോണറേറിയം 7,000 രൂപ വരെ വർദ്ധിപ്പിച്ചത്. ഏറ്റവും അവസാനമായി 2023 ഡിസംബറിൽ ഈ സർക്കാരിന്റെ കാലത്ത് 1,000 രൂപ വർധിപ്പിച്ചിരുന്നു. ഈ 7,000 രൂപ കൂടാതെ 60:40 എന്ന രീതിയിൽ കേന്ദ്രവും സംസ്ഥാനവും ചേർന്ന് 3000 രൂപ പ്രതിമാസ നിശ്ചിത ഇൻസെന്റീവും നൽകുന്നുണ്ട്. ഇതുകൂടാതെ ഓരോ ആശാ പ്രവർത്തകയും ചെയ്യുന്ന സേവനങ്ങൾക്കനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 3,000 രൂപ വരെ മറ്റ് ഇൻസെന്റീവുകളും ലഭിക്കും. ഇത് കൂടാതെ ആശമാർക്ക് പ്രതിമാസം 200 രൂപ ടെലിഫോൺ അലവൻസും നൽകി വരുന്നുണ്ട്.
എല്ലാം കൂടി നന്നായി സേവനം നടത്തുന്നവർക്ക് 13,200 രൂപവരെ പ്രതിമാസം ലഭിക്കുന്നു. ആശാ വർക്കർമാരുടെ ഇൻസെന്റീവും ഹോണറേറിയവും കൃത്യമായി ലഭിക്കാൻ ആശ സോഫ്റ്റുവെയർ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നൽകി വരുന്നത്. ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കാനായി ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ള 2 മാസത്തെ ഹോണറേറിയം നൽകാനുള്ള ഉത്തരവിറങ്ങിയിട്ടുണ്ട്. അത് എത്രയും വേഗം നൽകാനുള്ള നടപടിയും സ്വീകരിച്ചു വരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.















