ന്യൂഡൽഹി: ആംആദ്മിയെ തുരത്തിയോടിച്ച് ബിജെപി നേടിയ ശക്തമായ വിജയത്തിന് പിന്നാലെ ഡൽഹിയെ ഇനി നയിക്കുന്നത് ആരെന്നറിയാൻ ദിവസങ്ങൾ മാത്രം. ഫെബ്രുവരി 19-ന് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നിയമസഭ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. തുടർന്ന് 20-ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നുവരികയാണ്. ഡൽഹി നിമയസഭാ തെരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടി വിജയിച്ച നിയമസഭാംഗങ്ങളിൽ 15 പേരുടെ പേരുകൾ പരിഗണനയിലുണ്ട്. ഇവരിൽ ഒമ്പത് പേരെ മുഖ്യമന്ത്രി, സംസ്ഥാന കാബിനറ്റ് മന്ത്രിമാർ, സ്പീക്കർ എന്നീ പ്രധാന സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കും.
ബിജെപി അധികാരം പിടിച്ചതിന് ശേഷം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റാൻ തുടങ്ങിയിട്ടുണ്ട്. നൂറ് ദിവസം നീണ്ടുനിൽക്കുന്ന കർമപദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. മഴക്കാല വെള്ളക്കെട്ട് ഇല്ലാതാക്കുക, അഴുക്കുചാലുകൾ വൃത്തിയാക്കുക എന്നിവ ഇതിൽ ഉൾപ്പെടും.
27 വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയത്. 70 അംഗ നിയമസഭയിൽ 48 സീറ്റുകളാണ് ബിജെപി നേടിയത്. ആംആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് എന്നിവർക്ക് എതിരെയായിരുന്നു ജനവിധി. എഎപിയുടെ പ്രധാന ശക്തികേന്ദ്രങ്ങൾ നഷ്ടപ്പെട്ടതോടെ 22 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്.















