കോലാപ്പൂർ: പരീക്ഷയെഴുതാൻ സ്കൂളിൽ പാരച്യൂട്ടിൽ പറന്നിറങ്ങി 19 കാരൻ. ബികോം ഒന്നാം വർഷ വിദ്യാർത്ഥിയായ സമർത് മഹാങ്കഡേ യാണ് പരീക്ഷയെഴുതാൻ ഈ സാഹസിക മാർഗം സ്വീകരിച്ചത്. വിനോദ സഞ്ചാരികൾക്ക് കരിമ്പിൻ ജ്യൂസ് വിൽക്കുന്നതിനിടയിലാണ് 19 കാരൻ തനിക്ക് ഇന്ന് പരീക്ഷയാണെന്ന വിവരമറിയുന്നത്. ഹാൾടിക്കറ്റ് അപ്ഡേറ്റ് ചെയ്യാത്തതിനാൽ മാറ്റിവച്ച പരീക്ഷ തീയതി യുവാവ് അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കളാണ് സമർത്തിനെ വിളിച്ച് പരീക്ഷ തുടങ്ങാൻ സമയമായെന്ന് അറിയിക്കുന്നത്.
15 കിലോമീറ്റർ അകലെയുള്ള പസാർണി ഗ്രാമത്തിലായിരുന്നു പരീക്ഷാ കേന്ദ്രം. പതിവിൽ കവിഞ്ഞ ഗതാഗതകുരുക്കിൽ അവിടെയെത്താൻ അരമണിക്കൂറിൽ കൂടുതലെടുക്കുമെന്ന് സമർത്തിന് അറിയാമായിരുന്നു.ഈ സമയത്താണ് പാരാഗ്ലൈഡിങ് ഇൻസ്ട്രക്ടർ ഗോവിന്ദ് യെവാലെ യുവാവിന്റെ രക്ഷകനായെത്തുന്നത്. പത്ത് മിനിറ്റിനുള്ളിൽ പരീക്ഷാ കേന്ദ്രത്തിലെത്താൻ മറ്റുവഴികളില്ലെന്ന് അറിയാമായിരുന്ന സമർത്ത് ഗോവിന്ദിന്റെ സഹായമഭ്യർത്ഥിച്ചു.
ഈ സമയം സുഹൃത്തുക്കൾ സമർത്തിന്റെ വീട്ടിലെത്തി ഹാൾടിക്കറ്റും പേനയും റൈറ്റിംഗ് പാടുമെടുത്ത് സ്കൂളിലെത്തിയിരുന്നു. പാരാഗ്ലൈഡർക്കൊപ്പം ആകാശത്തേയ്‌ക്ക് പറന്നുയർന്ന് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ അവൻ സ്കൂളിന് മുകളിലെത്തി. സ്കൂൾ ഗ്രൗണ്ടിൽ ലാൻഡ് ചെയ്തയുടനേ സമർത്ത് പടിക്കെട്ടുകൾ ഓടിക്കയറി പരീക്ഷാഹാളിലെത്തി. ഈ സമയം അദ്ധ്യാപകൻ ചോദ്യപേപ്പറുകൾ നൽകിത്തുടങ്ങിയിരുന്നു. സമയം വൈകിയിട്ടില്ലായിരുന്നതിനാൽ അദ്ധ്യാപകൻ സമർത്തിനെ പരീക്ഷ എഴുതാൻ അനുവദിച്ചു.















