വ്യവസായിയും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മരുമകനുമായ നിഖിൽ നന്ദയ്‌ക്ക് എതിരെ വഞ്ചനാ കേസും ആത്മഹത്യാ പ്രേരണ കേസും രജിസ്റ്റർ ചെയ്തു. ഉത്തർ പ്രദേശിലെ ബദൗൺ ജില്ലയിലാണ് കേസെടുത്തത്. ഹംസപൂർ സ്വദേശി ജ്ഞാനേന്ദ്ര എന്നയാളാണ് പരാതിക്കാരൻ. ഇയാളുടെ സഹോദരൻ ജിതേന്ദ്ര സിംഗിനെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ കാരണം നിഖിൽ നന്ദയുടെ സമ്മർദ്ദമാണെന്നാണ് പരാതി.ജിതേന്ദ്ര പാർട്ണർ ലല്ല ബാബുവിനൊപ്പം ഒരു ട്രാക്ടർ വില്പന ഏജൻസി നടത്തിയിരുന്നു. എന്നാൽ കുടംബ പ്രശ്നവും ഇതിനെ തുടർന്നുള്ള ജയിൽവാസവും കാരണം ലല്ല ബാബു ബിസിനസിൽ നിന്ന് പിന്മാറി. ഇതോടെയാണ് നന്ദയും ഇയാളുടെ കമ്പനിയും ചിത്രത്തിലേക്ക് വരുന്നത്.
ഇതിന് പിന്നാലെ വില്പന വർദ്ധിപ്പിക്കാനാവശ്യപ്പെട്ട് ജിതേന്ദ്രയെ നന്ദയും കമ്പനി ജീവനക്കാരും മാനസികമായി പീഡിപ്പിച്ചു. വില്പന കൂട്ടിയില്ലെങ്കിൽ ഡീലർഷിപ്പ് ലൈസൻസ് കാൻസൽ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) നിഖിൽ നന്ദ, കമ്പനിയുടെ ഉത്തർപ്രദേശ് മേധാവി, ഏരിയ മാനേജർ, സെയിൽസ് മാനേജർ, ഷാജഹാൻപൂരിൽ നിന്നുള്ള ഒരു ഡീലർ, മറ്റ് മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്.
ഈ വിഷയത്തിൽ നന്ദ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ബച്ചൻ കുടുംബവും കപൂർ കുടുംബവും സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രാജ് കപൂറിന്റെ മകൾ ഋതു നന്ദയുടെ മകനാണ് നിഖിൽ നന്ദ. 1997 ൽ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകൾ ശ്വേത ബച്ചനെ വിവാഹം കഴിച്ചു.















