ന്യൂഡൽഹി: ഇന്ത്യ ചൈനയെ ശത്രുവായി കണക്കാക്കുന്നതിന് പകരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. ചൈനയിൽ നിന്നും ഭീഷണി നേരിടുന്നുവെന്നത് അതിശയോക്തിപരമാണെന്നും ചൈനയോടുള്ള ഇന്ത്യയുടെ സമീപനമാണ് മാറ്റേണ്ടതെന്നും പിത്രോദ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചൈനയോട് ഏറ്റുമുട്ടൽ സമീപനമല്ല സഹകരണപരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നാണ് കോൺഗ്രസ് നേതാവിന്റെ ഉപദേശം. ചൈനയെ ഒരു ഭീഷണിയായി കാണുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. “ചൈനയിൽ നിന്നുള്ള ഭീഷണി എന്താണെന്ന് എനിക്കറിയില്ല. ശത്രുവിനെ നിർവചിക്കുന്ന ശീലം യുഎസിന് ഉള്ളതിനാൽ ഈ വിഷയം പലപ്പോഴും അതിരുകടന്നതായി ഞാൻ കരുതുന്നു. ചൈന ചുറ്റുമുണ്ട്. ചൈന വളരുകയാണ്. നമ്മളത് തിരിച്ചറിയുകയും ബഹുമാനിക്കുകയും വേണം,” പിത്രോദ പറഞ്ഞു.
എന്നാൽ രാഹുലിനും കോൺഗ്രസിനും ചൈനയൊടിയുള്ളസോഫ്റ്റ് കോർണറാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ആരോപിച്ച് ബിജെപി പിത്രോദയുടെ പ്രസ്താവനയെ വിമർശിച്ചു. കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും ചൈനയുടെയും ജോർജ് സോറോസിന്റെയും ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ബിജെപി എംപി സുധാൻഷു ത്രിവേദിയും പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു. കോൺഗ്രസ് പാർട്ടി ചൈനയുമായുണ്ടാക്കിയ കരാറിന്റെ പ്രതിഫലമാണ് പിത്രോദയുടെ പ്രസ്താവനയെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം കോൺഗ്രസിനുള്ളിൽ തന്നെ പിത്രോദയുടെ അഭിപ്രായപ്രകടനത്തിൽ വിയോജിപ്പ് പ്രകടമാണ്. ചൈന അന്നും ഇന്നും ശത്രുവാണെന്നും രാഹുൽ ഗാന്ധി നിരന്തരം പറയുന്നത് ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയെന്നവും നമ്മുടെ പ്രദേശത്ത് അതിക്രമിച്ചുകയറിയെന്നുമല്ലേ എന്ന് കോൺഗ്രസ് നേതാവ് റാഷിദ് ആൽവി ചോദിച്ചു.















