കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേക താൽപര്യം എടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ സിംഗ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകി. ഇതിന് അംഗീകാരം ലഭിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് എയർപോർട്ട് സ്റ്റേഷന് സ്ഥലം നിർദ്ദേശിച്ചതെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അടുത്തിടെ മന്ത്രി അശ്വിനി വൈഷ്ണവിനൊപ്പം തൃശൂർ വരെ പ്രത്യേക ട്രെയിനിൽ യാത്ര ചെയ്തിരുന്നു. അന്ന് എയർപോർട്ട് സ്റ്റേഷനെ കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
പുതിയ രൂപരേഖ പ്രകാരം സ്റ്റേഷന്റെ സ്ഥാനം സോളർ പാടത്തിന് സമീപമാണ്. ഇവിടെ ട്രാക്കിന് സമീപം റെയിൽവേയുടെ ഭൂമിയും ലഭ്യമാണ്. അത്താണി ജംഗ്ഷൻ- എയർപോർട്ട് റോഡിലെ മേൽപ്പാലം കഴിഞ്ഞാകും പ്ലാറ്റ്ഫോം ആരംഭിക്കുക. ഇവിടെ നിന്നും ഒന്നര കിലോമീറ്ററാണ് വിമാനത്താവളത്തിലേക്കുള്ള ദൂരം. ഈ റൂട്ടിൽ സിയാൽ ഇലക്ട്രിക്ക് ബസ് സർവ്വീസ് നടത്തും.

24 കോച്ചുകളുള്ള ട്രെയിൻ നിർത്താൻ സാധിക്കുന്ന തരത്തിൽ രണ്ട് പ്ലാറ്റ്ഫോമുകളാണ് നിർമിക്കുക. വന്ദേഭാരത്, ഇന്റർസിറ്റി ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും. പ്ലാറ്റ്ഫോമിൽ നിന്നും ഇറങ്ങുന്നത് റൺവേ അതിർത്തിയിലുള്ള ചൊവ്വര- നെടുവന്നൂർ- എയർപോർട്ട് റോഡിലേക്കാണ്.

നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്ത് ആദി ശങ്കരാചാര്യരുടെ പേരിൽ പുതിയ റെയിൽവേ സ്റ്റേഷൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി കേന്ദ്ര റെയിൽവേമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. വിഷയം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ബിജെപി നേതാക്കൾക്ക് അന്ന് ഉറപ്പുനൽകിയിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ,സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബുഎന്നിവരും അന്ന് ജില്ലാ നേതാക്കൾക്കൊപ്പമുണ്ടായിരുന്നു.















