അഹമ്മദാബാദ്: രഞ്ജിട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ഗുജറാത്തിനെതിരെ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് തുടക്കത്തിലേ വിക്കറ്റ് നഷ്ടം. അർദ്ധസെഞ്ച്വറി നേടി ആദ്യ ദിനത്തിലെ ടോപ്സ്കോററായി നിന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് പുറത്തായത്. 119 ഓവർ പിന്നിട്ടപ്പോൾ 289/5 എന്ന നിലയിലാണ്. അര്‍സാന്‍ നഗ്വാസ്വല്ലയുടെ പന്തിലാണ് സച്ചിന്റെ മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് താരം നേടിയത്.
നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിനം കളി അവസാനിപ്പിച്ചത്. ക്ഷമയോടെ തുടങ്ങിയെങ്കിലും ആദ്യദിനം കേരളത്തിന് നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും 30 റൺസ് വീതമെടുത്ത് പുറത്തായി. അരങ്ങേറ്റ താരം വരുണ്‍ നായനാരുടേയും (55 പന്തില്‍ 10) ജലജ് സക്സേനയുടേയും 30(83) വിക്കറ്റുകളും കേരളത്തിന് നഷ്ടമായി.
30 റൺസെടുത്ത ജലജ് സക്സേനയെ അർസൻ നഗ്വാസ്വെല്ല ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 160 പന്തിൽ 85 റൺസുമായി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീനും 89 പന്തിൽ 27 റൺസുമായി സല്‍മാന്‍ നിസാറുമാണ് ക്രീസില്‍. ഗുജറാത്തിനായി രവി ബിഷ്‌ണോയ്, പ്രിയജീത് ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സെമി മത്സരം. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. 2018-19 സീസണിലാണ് കേരളം ഇതിനുമുൻപ് സെമിയിൽ എത്തിയിട്ടുള്ളത്.