ഇത് ഞങ്ങളുടെ ലോകം എന്ന മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്വേത ബസു പ്രസാദ്. 2002-ല്‍ മക്ദീ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇതിനിടെ ഒരുപിടി ഹിന്ദി തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബാലതാരമായാണ് താരത്തിന്റെ അഭിനയ അരങ്ങേറ്റം. കരിയറിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന പുത്തൻ അഭിമുഖത്തിലെ ചോദ്യത്തിന് ഉണ്ടായി എന്നായിരുന്നു താരത്തിന്റെ മറുപടി.
തെലുങ്ക് ചിത്രത്തിന്റെ സെറ്റിലാണ് മോശം അനുഭവം നേരിട്ടതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഉയരത്തിന്റെ പേരിലാണ് താൻ അധിക്ഷേപിക്കപ്പെട്ടതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. സിനിമയിലെ നായകൻ തന്നേക്കാൾ പൊക്കമുള്ള ആളായിരുന്നു. ആറടിയോളമുണ്ടായിരുന്നു. എനിക്ക് 5.2 ഉം. ഇതിന്റെ പേരിലായിരുന്നു പരിഹാസം.
നടന് തെലുങ്ക് കൈകാര്യം ചെയ്യുന്നതിന് പ്രശ്നമുണ്ടായിരുന്നു. ഇത് കൂടുതൽ റീടേക്കുകൾക്ക് കാരണമായി. ആ സെറ്റിൽ മാത്രമാണ് താൻ അത്രത്തോളം അപഹസിക്കപ്പെട്ടത്. അത് വളരെ മോശം അനുഭവമായിരുന്നു. ഉയരം ഒരു ജനിതക സവിശേഷതയാണ്. അത് മാറ്റാൻ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമോ. എനിക്കും തെലുങ്ക് അത്ര നന്നായി വശമില്ലായിരുന്നു. പക്ഷേ അത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല. —-നടി പറഞ്ഞു. നടിയുടെ ഏറ്റവും പുതിയ വെബ് സീരിസ് ജിയോ ഹോട്ട്സ്റ്റാര്‍ യൂപ്‌സ് അബ് ക്യാ ഫെബ്രുവരി 20 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.















