ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഡൽഹിയിലെ ചേരി നിവാസികളെയും ക്ഷണിച്ച് ബിജെപി. ഫെബ്രുവരി 20 ന് രാം ലീല മൈതാനത്ത് നടക്കുന്ന വിപുലമായ ചടങ്ങിലേക്കാണ് 250 ചേരി ക്ലസ്റ്ററുകളിൽ നിന്നുള്ള പ്രതിനിധികളെ പാർട്ടി ക്ഷണിച്ചിരിക്കുന്നത്. സെലിബ്രിറ്റികളെ മാത്രമല്ല, സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിവിധ പ്രതിനിധികളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പാർട്ടി അറിയിച്ചിരുന്നു.
എൻഡിഎയുടെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർക്ക് പുറമേ, കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത്, മുതിർന്ന എഎപി നേതാവും സ്ഥാനമൊഴിയുന്ന ഡൽഹി മുഖ്യമന്ത്രിയുമായ അതിഷി മർലീന തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
2025 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് ‘ജഹാം ജുഗ്ഗി, വഹാം മകാൻ’ (എവിടെയെല്ലാം ചേരികളുണ്ടോ അവിടെയെല്ലം വീടുകൾ നിർമ്മിക്കുക )എന്നതായിരുന്നു. മുൻ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരമ്പരാഗതമായി ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തിരുന്ന ചേരി നിവാസികൾ ഇത്തവണ ബിജെപിയിൽ വിശ്വാസമർപ്പിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് തെരഞ്ഞെടുപ്പ് വിജയം.
ചേരിയിലെ ജനവിഭാഗത്തിനായി ബിജെപി ഡൽഹി, പൂർവാഞ്ചലി മോർച്ച ദേശീയ യൂണിറ്റുകളുടെ പിന്തുണയോടെ’ജുഗ്ഗി പ്രവാസ്’ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷം ബിജെപി പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ബിജെപിയുടെ ഉന്നത നേതൃത്വം ഉടൻ തന്നെ തീരുമാനമെടുക്കും. രേഖ ഗുപ്ത, പർവീൺ വർമ്മ എന്നിവരുൾപ്പെടെ നിരവധി പേരുകൾ സാധ്യതാ പട്ടികയിലുണ്ട്.















