1996 ലോകകപ്പിന് ശേഷം പാകിസ്താൻ ഒരു ഐസിസി ടൂർണമെന്റിന് വേദിയാകുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം പാകിസ്താൻ വേദിയാകുന്ന ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാണ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാകും നടക്കുക. നാളെ കറാച്ചിൽ പാകിസ്താനും ന്യൂസിലൻഡും ഏറ്റുമുട്ടുന്ന ഉദ്ഘാടന മത്സരത്തോടെ ടൂർണമെന്റിന് തുടക്കമാകും. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും.മത്സരങ്ങൾ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2:30 ന് ആരംഭിക്കും. ടോസ് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2 മണിക്ക് നടക്കും. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ഇന്ത്യയിലുടനീളം ഒന്നിലധികം ഭാഷകളിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ ഇന്ത്യയിൽ ലൈവ് സ്ട്രീം ചെയ്യും.
ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെ 20നാണ്. 23ന് ചിരവൈരികളായ പാകിസ്താനും ഇന്ത്യയും നേർക്കുനേർ വരും. മാർച്ച് രണ്ടിന് ന്യൂസിലൻഡിനെതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. മാർച്ച് നാലിനും അഞ്ചിനുമാണ് രണ്ടു സെമിഫൈനലുകൾ. 9നാണ് ഫൈനൽ. ഓസ്ട്രേലിയയെയും ഇന്ത്യയെയും ന്യൂസിലൻഡിനെയും പരിക്ക് വലയ്‌ക്കുമ്പോൾ പാകിസ്താൻ സാമാന്യം മികച്ച കരുത്തുമായാണ് ടൂർണമെന്റിന് ഒരുങ്ങിയത്. ഇന്ത്യൻ ടീമിൽ നിന്ന് സൂപ്പർതാരം ജസ്പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായപ്പോൾ. ഓസ്ട്രേലിയയുടെ മുൻനിര പേസർമാരെല്ലാം ടീമിന് പുറത്താണ്.
സന്നാഹ മത്സരത്തിനിടെ ന്യൂസിലൻഡിന്റെ പേസ് ആക്രമണം നയിക്കേണ്ട ലോക്കി ഫെർഗൂസണും ബെൻസിയേഴ്സും പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായത് കിവീസിന് തിരിച്ചടിയായി. ഇംഗ്ലണ്ട് താരം ജേക്കബ് ബേഥലിനും പരിക്കാണ്. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും പരമ്പര ജയത്തോടെ കരുത്തേറിയാണ് പാകിസ്താന്റെ വരവ്. ത്രിരാഷ്‌ട്ര ടൂർണമെന്റ് ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റെങ്കിലും താരങ്ങളെല്ലാം ഫോമിൽ. പേസ് ത്രയത്തിനെയും പരിക്കുകൾ അലട്ടുന്നില്ല.അഫ്ഗാൻ യുവ സ്പിന്നർ അല്ലാ ഗസൻഫർ പരിക്കേറ്റ് പുറത്തായത് ഒഴിച്ചാൽ അഫ്ഗാനും ശക്തമായ നിരയുണ്ട്. അസ്മത്തുള്ള ഒമർസായിയാണ് അവരുടെ തുറുപ്പ് ചീട്ട്. ആന്റിച്ച് നോർക്യയുടെ അഭാവം ദക്ഷിണാഫ്രിക്കയെയും ബാധിച്ചിട്ടുണ്ട്.















