തരൂർ സിപിഎമ്മിലേക്കോ എന്ന ചോദ്യം ചർച്ചായാകുന്നതിനിടെ അറിഞ്ഞുകളിച്ച് DYFI. കോൺഗ്രസ് എംപി ശശി തരൂരിന് ഡിവൈഎഫ്ഐയുടെ പരിപാടിയിലേക്ക് ക്ഷണം നൽകിയാണ് സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. DYFI-യുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. ഡിവൈഎഫ്ഐ നേതാക്കൾ ഡൽഹിയിലെത്തി തരൂരിനെ നേരിട്ട് കണ്ട് ക്ഷണിച്ചെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
മാർച്ച് ആദ്യമാണ് പ്രസ്തുത സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ നടക്കുന്നത്. പരിപാടിക്ക് തരൂർ ആശംസ നേർന്നതായും ഡിവൈഎഫ്ഐ നേതൃത്വം പ്രതികരിച്ചു. നേരത്തെ നിശ്ചയിച്ച ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ വരാൻ ആഗ്രഹമുണ്ടെങ്കിലും സ്റ്റാർട്ടപ്പ് ഫെസ്റ്റിന് എത്തിച്ചേരാൻ കഴിയില്ലെന്ന് തരൂർ അറിയിച്ചതായും ഫെസ്റ്റിനെക്കുറിച്ച് പോസിറ്റീവായാണ് തരൂർ പ്രതികരിച്ചതെന്നും ഡിവൈഎഫ്ഐ പറഞ്ഞു. എഎ റഹീം, വികെ സനോജ് എന്നിവരായിരുന്നു ഡൽഹിയിലെത്തി തരൂരിനോട് സംസാരിച്ചത്.
DYFI കേരള സംസ്ഥാന കമ്മിറ്റിയാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്നും രാജ്യത്ത് ആദ്യമായാണ് ഒരു യുവജന സംഘടന ഇത്തരമൊരു പരിപാടി നടത്തുന്നതെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ രാജ്യസഭാ എംപി എ.എ റഹീം ഫെയ്സ്ബുക്കിൽ കുറിച്ചു. ക്ഷണിക്കാൻ കാണിച്ച മനസ്സിനെയും DYFI-യുടെ ഇടപെടലിനെയും തരൂർ അഭിനന്ദിച്ചതായി റഹീം പറഞ്ഞു.
കോൺഗ്രസിനെ വെട്ടിലാക്കി പിണറായി സർക്കാരിനെ പുകഴ്‌ത്തിയ ശശി തരൂർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവാദതത്തിലായതിനിടെയാണ് DYFIയുടെ നീക്കം. സിപിഎമ്മിനെ തലോടുന്ന തരൂരിന്റെ പ്രസ്താവനയിൽ എൽഡിഎഫ് സർക്കാർ പുളകം കൊണ്ടിരുന്നു. കോൺഗ്രസ് നേതാക്കൾ ഒന്നടങ്കവും യുഡിഎഫ് നേതൃത്വവും തരൂരിനെ തള്ളിപ്പറഞ്ഞതോടെ അവസരം മുതലാക്കാനുള്ള പരമാവധി ശ്രമം സിപിഎം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് DYFIയുടെ പേരിലുള്ള CPM നീക്കം.