സിനിമയ്‌ക്ക് പോകാൻ മാളുകൾ തെരഞ്ഞെടുക്കുമ്പോൾ കാണികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് പരസ്യങ്ങളുടെ നീണ്ടനിര. സിനിമ തുടങ്ങുമെന്ന് പറയുന്ന സമയം മുതൽ കാണിക്കുന്നത് ഒരു ലോഡ് പരസ്യങ്ങളും ട്രെയിലറുകളുമായിരിക്കും. അഞ്ചോ പത്തോ മിനിറ്റല്ല, 20 മിനിറ്റ് മുതൽ അരമണിക്കൂർ വരെ ചിലപ്പോൾ പരസ്യം തുടർന്നേക്കാം. സിനിമ തുടങ്ങുമെന്ന് രേഖപ്പെടുത്തിയ സമയം മുതലാണ് പരസ്യം ആരംഭിക്കുകയെന്നതാണ് പ്രത്യേകത. അതായത്, കണക്കുകൂട്ടിയതിനേക്കാൾ വൈകി മാത്രമേ സിനിമ തുടങ്ങുകയും അവസാനിക്കുകയും ചെയ്യൂവെന്ന് സാരം. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമ കഴിയാൻ മൂന്ന് മണിക്കൂറോ അതിൽ കൂടുതലോ സമയമെടുക്കുമെന്നതാണ് അവസ്ഥ. ഇതുമൂലം നിരവധി പേർ പ്രയാസം നേരിടുകയും ചെയ്യുന്നു. അങ്ങനെ പ്രയാസം നേരിട്ട ഒരു യുവാവ് പരാതിയുമായി കോടതിയെ സമീപിച്ചപ്പോൾ പിവിആർ-Inox കിട്ടിയതാകട്ടെ 1.2 ലക്ഷം രൂപ പിഴയും..
തീയേറ്ററിൽ കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ചുകൊണ്ടിരുന്നപ്പോൾ അയാൾക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട സമയമായിരുന്നു, തുടർന്ന് ജോലിക്ക് എത്താനും വൈകി. ഈ വിഷയത്തെ നിസാരമായി തള്ളിക്കളയാൻ ആ യുവാവ് തയ്യാറായില്ല. പരസ്യം കാരണം സിനിമ വൈകി പ്രദർശിപ്പിച്ച പിവിആർ ഐനോക്സിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചു. ബെംഗളൂരുവിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
BookMyShow-യിൽ കാണിച്ചതിനേക്കാൾ 25 മിനിറ്റ് വൈകിയാണ് സിനിമ തുടങ്ങിയതെന്നും ഇതുകാരണം ജോലിസ്ഥലത്ത് എത്താൻ വൈകിയെന്നും യുവാവ് പരാതി നൽകി. സംഭവത്തിൽ പിവിആർ ഐനോക്സ് ഒരു ലക്ഷം രൂപ പിഴയും യുവാവിന് 28,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ബെംഗളൂരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
ബെംഗളൂരു സ്വദേശിയായ അഭിഷേക് എംആർ ആണ് പരാതിക്കാരൻ. വിക്കി കൗശൽ നായകനായ സാം ബഹദൂർ കാണാൻ 2023 ഡിസംബർ 26ന് പിവിആർ ഐനോക്സിൽ യുവാവ് പോയിരുന്നു. 4.05നായിരുന്നു ഷോ ടൈം. എന്നാൽ പരസ്യം, വിവിധ സിനിമകളുടെ ട്രെയിലറുകൾ എന്നിങ്ങനെയുള്ള അഡ്വടൈസ്മെന്റുകളാണ് 4.05ന് ആരംഭിച്ചത്. 4.30 ആയിട്ടും സിനിമ തുടങ്ങിയില്ല. ഇതോടെയാണ് അഭിഷേക് പരാതി നൽകിയത്.
ഇക്കാലത്ത് സമയം എന്നത് വളരെ അമൂല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഓരോരുത്തരുടെ സമയത്തിനും അതിന്റേതായ വിലയുണ്ട്. മറ്റുള്ളവരുടെ സമയവും പണവും ഉപയോഗിച്ച് അതിന്മേൽ നേട്ടമുണ്ടാക്കാൻ ആർക്കും അവകാശമില്ല. 25-30 മിനിറ്റ് സമയം തീയേറ്ററിൽ വെറുതെയിരിക്കുക എന്നതും അവിടെ ടെലികാസ്റ്റ് ചെയ്യുന്ന എന്തും കാണേണ്ടി വരിക എന്നതും അത്ര നിസാരമായി കാണാൻ കഴിയില്ല. സിനിമ പ്രദർശിപ്പിക്കുന്ന യഥാർത്ഥ സമയം കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
പരാതിക്കാരൻ നേരിട്ട ദുരനുഭവത്തിന് ആശ്വാസമേകാൻ 20,000 രൂപയും, പരാതി ഫയൽ ചെയ്യാനെടുത്ത ചെലവിന്റെ ഭാഗമായി 8,000 രൂപയും പിവിആർ ഐനോക്സ് നൽകണം. അന്യായരീതിയിൽ വ്യാപാരം ചെയ്തതിന് ഒരു ലക്ഷം രൂപ പിഴ ഉപഭോക്തൃ ക്ഷേമഫണ്ടിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.