കന്നി ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തിന് രഞ്ജിട്രോഫി സെമിയിൽ മുട്ടിടിക്കുന്നു. കേരളത്തിന്റെ 457 റൺസ് ട്രയൽ ചെയ്യാൻ ഇറങ്ങിയ ഗുജറാത്ത് ശക്തമായ നിലയിൽ. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 222 റൺസാണ് ഗുജറാത്ത് നേടിയത്. 235 റൺസ് മാത്രമാണ് പിന്നിൽ. ആക്രമിച്ച് കളിക്കാനാണ് ഗുജറാത്ത് തുനിഞ്ഞത്. ഈ സമീപനം വിജയിക്കുന്നതുമാണ് അഹമ്മദാബാദിൽ കണ്ടത്.71 ഓവറിലാണ് അവർ 222 റൺസ് നേടിയത്.
കൂറ്റൻ ടോട്ടൽ സ്വന്തമാക്കി ആദ്യ ഇന്നിംഗ്സിൽ ഗുജറാത്തിനെ പെട്ടെന്ന് വീഴ്‌ത്താമെന്ന് വിചാരിച്ച കേരളത്തിന്റെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന പ്രകടനമായിരുന്നു പ്രിയങ്ക് പഞ്ചലിന്റെയും(117*) ആര്യ ദേശായിയുടെയും. അപരാജിത സെഞ്ച്വറിയുമായി പ്രിയങ്ക് കത്തിക്കയറിയപ്പോൾ ദേശായി (73) അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 131 റൺസാണ് ചേർത്തത്. ആര്യനെ എൻ.പി ബേസിൽ പുറത്താക്കിയെങ്കിലും പിന്നാലെയെത്തിയ മനൻ ഹിംഗ്രാജിയും താളം കണ്ടെത്തിയതോടെ കേരളത്തിന്റെ ബോളർമാർക്ക് കാഴ്ചക്കാരാകാനേ സാധിച്ചുള്ളു.
നേരത്തെ മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിൽ ക്രീസിലിറങ്ങിയ കേരളത്തിന്റെ പോരാട്ടം 457 റൺസിൽ അവസാനിച്ചു. മുഹമ്മദ് അസറുദ്ദീന് 177 റൺസുമായി പുറത്താകാതെ നിന്നു. ആദിത്യ സർവാതെയുടെ(11), നിധീഷ്(5) റണ്ണൗട്ടായി. എൻപി ബേസിലിനും(1) കാര്യമായി ഒന്നും ചെയ്യാനായില്ല. ഗുജറാത്തിനായി അർസാൻ നാഗ്വസ്വാല മൂന്നും ചിന്തൻ ഗജ രണ്ട് വിക്കറ്റും വീഴ്‌ത്തി.