തിരുവനന്തപുരം:ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെ യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ സംസ്ഥാന സർക്കാർ തിരുത്തി. യുജിസി കരടിന് “എതിരായ” എന്ന പരാമർശം നീക്കി. പകരം യുജിസി റെഗുലേഷൻ – ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ എന്നാക്കി മാറ്റി. സർക്കുലർ തിരുത്തണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാരിന്റെ നിലപാട് മാറ്റം.
ഗവർണർ രാജേന്ദ്ര അർലേകറുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. യുജിസി കരടിനെതിരെയുളള കണ്‍വെന്‍ഷനില്‍ സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമെന്ന് രാജ്ഭവന്‍ പ്രതികരിച്ചു.ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിലപാട് അറിയിക്കുകയായിരുന്നു.ഗവര്‍ണര്‍ എതിര്‍ത്ത സാഹചര്യത്തില്‍മിക്ക വി സി മാരും പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
കേരള സർക്കാർ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ചയാണ്. കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
നിലവിലെ റിപ്പോർട്ട് അനുസരിച്ച് കർണാടക, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിമാർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരാണ് മുഖ്യപ്രഭാഷണം നടത്തുന്നത്.
സർക്കുലറിൽ മാറ്റം വരുത്തിയെങ്കിലും മിക്ക വിസിമാരും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും. കേരള, കണ്ണൂർ, കാലിക്കറ്റ്, സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർമാർ കൺവെൻഷനിൽ പങ്കെടുക്കില്ല.















