കറാച്ചി: സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ 60 റൺസിന്റെ തോൽവിയോടെയാണ് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമിട്ടത്. 321 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ പുലർത്തിയില്ല. ടോപ് ഓർഡർ നൽകിയ മോശം തുടക്കമാണ് പാകിസ്താന് തിരിച്ചടിയയായത്. ആദ്യ 10 ഓവറിൽ പാകിസ്താൻ 22/2 റൺസ് മാത്രമാണ് നേടിയത്. ഓപ്പണറായിറങ്ങിയിട്ടും ആദ്യ പത്തോവറിൽ ബാബർ അസം നേടിയത് 12 (27) റൺസാണ്. ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ 3 (14) റൺസെടുത്ത് പുറത്തായി.
15 ഓവറിൽ പാകിസ്താൻ 49/2 എന്ന സ്കോറിലെത്തി. ഈ ഘട്ടത്തിൽ ബാബർ നേടിയത് 22 (37) റൺസ്. ഒച്ചിഴയുന്ന വേഗത്തിലുള്ള താരത്തിന്റെ ബാറ്റിങ്ങിൽ 20 ഓവറിൽ പാകിസ്താൻ 66/2 മാത്രമാണ് നേടിയത്. സൽമാൻ ആഗ ക്രീസിൽ എത്തിയപ്പോഴാണ് സ്കോറിംഗ് കുറച്ചെങ്കിലും വേഗത കൈവരിച്ചത്. സൽമാൻ 42 (28) റൺസെടുത്തു. തുടക്കത്തിലെ മന്ദത ടീമിന്റെ ഒന്നാകെയുള്ള പ്രകടനത്തെ ബാധിച്ചു. 47.2 ഓവറിൽ 260 റൺസിന് ന്യൂസിലൻഡ് പാകിസ്താനെ എറിഞ്ഞിട്ടു. 60 റൺസിന്റെ തോൽവി. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ന്യൂസിലൻഡിന്റെ നാലാമത്തെ വിജയമാണിത്.
ബാബറിന്റെ സ്ലോ ഇന്നിംഗ്‌സ് ചൂണ്ടിക്കാട്ടിയ മുൻ ഇന്ത്യൻ തരാം രവി ചന്ദ്രൻ അശ്വിൻ ബാബറിന്റെ ബാറ്റിംഗ് തന്നെ ആമയും മുയലും കഥയാണ് ഓർമിപ്പിച്ചതെന്ന് എക്‌സിൽ കുറിച്ചു. 90 ബോളിൽ 64 റൺസെടുത്ത ബാബറിന്റെ ഇന്നിംഗ്‌സും 28 പന്തിൽ 42 റൺസെടുത്ത സൽമാൻ ആഗയുടെയും ബാറ്റിംഗ് ‘ആമയും മുയലും’ കഥയുടെ ഏറ്റവും മികച്ച ചിത്രീകരണമായിരിക്കുമെന്നായിരുന്നു താരം എക്‌സിൽ കുറിച്ചത്. ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുത്ത് ഇന്നിംഗ്സിന് വേഗം കൂട്ടാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മോശം ഫോമിൽ തുടർന്നിട്ടും ബാബറിനെ ഓപ്പണാറിയിറക്കിയത്. എന്നാൽ ആദ്യ തോൽവിയോടെ ഈ തീരുമാനവും പാളിയിരിക്കുകയാണ്.