ന്യൂഡൽഹി: എബിവിപിയുടെ തീപ്പൊരി നേതാവിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയവൾ. ഡൽഹിയുടെ ഭരണരേഖയായി മാറുകയാണ് ബിജെപിയുടെ രേഖാ ഗുപ്ത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി നേതാക്കളുടെയും എല്ലാ എൻഡിഎ സഖ്യകക്ഷികളുടെയും സാന്നിധ്യത്തിൽ ഡൽഹിയിലെ രാംലീല മൈദാനത്തിൽ നടന്ന ചടങ്ങിൽ അവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്. ഗവർണർ വികെ സക്സേന സത്യവാചകം ചൊല്ലി നൽകി.
എബിവിപിയിലൂടെയും മഹിളാമോർച്ചയിലൂടെയും ഉയർന്നുവന്ന വനിത ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം രാജ്യതലസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം കൂടി അലങ്കരിക്കുന്നുവെന്ന സവിശേഷതയോടെയാണ് രേഖയുടെ രംഗപ്രവേശം.
ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയെന്ന നേട്ടവും രേഖാ ഗുപ്തയ്‌ക്ക് സ്വന്തമാണ്. ബിജെപിയുടെ സുഷമ സ്വരാജിനും കോൺഗ്രസിന്റെ ഷീലാ ദീക്ഷിതിനും ആംആദ്മിയുടെ അതിഷി മർലേനയ്‌ക്കും ശേഷമെത്തുന്ന വനിത മുഖ്യമന്ത്രിയാണ് രേഖ. ഇന്ദ്രപ്രസ്ഥം ഇനി നാരീശക്തി നയിക്കട്ടെയെന്ന ബിജെപിയുടെ തീരുമാനം ബുധനാഴ്ച വൈകിട്ടോടെയാണ് പ്രഖ്യാപിക്കപ്പെട്ടത്.
ഷാലിമാർ ബാഘ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രേഖ. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ രാഷ്‌ട്രീയത്തിലേക്ക് ചുവടുവച്ച അവർ ഡൽഹി മഹിളാ മോർച്ചയുടെ ജനറൽ സെക്രട്ടറിയായും ദേശീയ എക്സിക്യൂട്ടീവ് സമിതിയംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ നിന്നാണ് ബിരുദമെടുത്തത്. ശേഷം എൽഎൽബിയും നേടി. വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ സജീവമായതിനാൽ 1996-97 കാലഘട്ടത്തിൽ DUSU അദ്ധ്യക്ഷയായിരുന്നു. 2007ലാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. 50-കാരിയായ രേഖാ ഗുപ്ത ഡൽഹിയിലെ പ്രാദേശിക തലം മുതൽ പ്രവർത്തനമാരംഭിച്ച നേതാവ് കൂടിയാണ്.
അരവിന്ദ് കേജരിവാളിനെ തോൽപ്പിച്ച് ജയന്റ് കില്ലർ എന്ന വിശേഷണത്തിന് അർഹനായ പർവേഷ് വർമയും ഇന്ന് രേഖാ ഗുപ്തയ്‌ക്കൊപ്പം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആഷിഷ് സൂദ്, മഞ്ജീന്ദർ സിംഗ് സിർസ, രവീന്ദർ ഇന്ദ്രജ് സിംഗ്, കപിൽ മിശ്ര, പങ്കജ് കുമാർ സിംഗ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.















