അഹമ്മദാബാദ്: രഞ്ജിട്രോഫി സെമിയിൽ കേരള-ഗുജറാത്ത് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം മറുപടി ബാറ്റിംഗ് പുരോഗമിക്കുമ്പോൾ 125 ഓവറിൽ 378/7 എന്ന നിലയിലാണ് ആതിഥേയർ. കേരളത്തിന്റെ സ്കോർ മറികടക്കാൻ ഗുജറാത്തിന് 122 റണ്‍സ്‌കൂടി വേണം. ഇന്ന് ഗുജറത്തിന്റെ 4 വിക്കറ്റുകൾ വീഴ്‌ത്താനായത് കേരളത്തിന് പ്രതീക്ഷ നൽകുന്നു.
ബൗളിംഗ് നിരയിൽ ഓൾറൗണ്ടർ ജലജ് സക്‌സേന 4 വിക്കറ്റുകൾ വീഴ്‌ത്തി. എം ഡി നിധീഷും എൻപി. ബേസിലും ആദിത്യ സർവാതെയും ഓരോവിക്കറ്റുവീതം നേടി. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. നാലാം ദിനം ഗുജറാത്തിനായി സെഞ്ച്വറി നേടിയ ഓപ്പണര്‍ പ്രിയങ്ക് പാഞ്ചലിന്റെ വിക്കറ്റ് നേടാനായത് കേരളത്തിന് ആശ്വാസമായി. ജലജാണ് താരത്തെ വിക്കറ്റിനുമുന്നിൽ കുടുക്കിയത്. 237 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്സും സഹിതം 148 റണ്‍സെടുത്ത പ്രിയങ്കാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേലിനെയും (25) മനൻ ഹിംഗ്രാജിയെയും (33) ക്യാപ്റ്റൻ ചിന്തൻ ഗജയെയും (2) സക്‌സേന മടക്കി. ഗുജറാത്തിന്റെ സിദ്ധാർത്ഥ് ദേശായിയും മനീഷ് ഭായ് പട്ടേലുമാണ് നിലവിൽ ക്രീസിലുള്ളത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒന്നാം ഇന്നിംഗ്‌സിൽ 457 റൺസ് നേടിയിരുന്നു. 341 പന്തുകളില്‍ നിന്ന് 177 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗാണ് കേരളത്തിനെ മികച്ച സ്കോറിലെത്തിച്ചത്. ഒരു സിക്‌സും 20 ബൗണ്ടറികളുമടങ്ങുന്നതാണ് അസ്ഹറുദ്ദീന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റൻ സച്ചിൻ ബേബി, സൽമാൻ നിസാർ എന്നിവരും അർദ്ധ ശതകങ്ങൾ നേടി.