ബന്ദികളായിരിക്കെ കൊല്ലപ്പെട്ട ഇസ്രായേലികളുടെ മൃതദേഹം കൈമാറി ഹമാസ്. ’ഗാസ വെടിനിർത്തൽ’ കരാറിന്റെ ഭാഗമായി ബന്ദികളെ മോചിപ്പിക്കുന്നതിനിടെയാണ് നാല് ഇസ്രായേലികളുടെ മൃതദേഹങ്ങൾ കൈമാറിയത്. ഇതിൽ ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ഷിരി ബിബാസ് എന്ന വനിതയുടേയും കുഞ്ഞുങ്ങളായിരുന്ന ഏരിയൽ, കിഫിർ എന്നിവരുടേയും മൃതദേഹങ്ങൾ കൈമാറിയവയിൽ ഉൾപ്പെടുന്നു. നാലാമത്തേയാൾ ഓഡഡ് ലിഫ്ഷിറ്റ്സ് എന്ന വൃദ്ധനാണ്.
ബന്ദിയാക്കപ്പെടുമ്പോൾ 83 വയസായിരുന്നു വയോധികന്. കിഫിർ എന്ന കുഞ്ഞിന് ഒമ്പത് മാസം മാത്രമായിരുന്നു പ്രായം. ബന്ദികളാക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു കിഫിർ. ഹമാസ് ഭീകരരുടെ കയ്യിലകപ്പെടുമ്പോൾ കിഫിറിന്റെ സഹോദരൻ ഏരിയലിന് നാല് വയസായിരുന്നു. ഇവരുടെ അമ്മ ഷിരി ബിബാസിനാകട്ടെ 32 വയസും. എന്നാൽ ഇവരെല്ലാവരും 2023 നവംബറിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസ് നൽകുന്ന വിവരം. ഇസ്രായേലിന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യം ഇസ്രായേൽ ഭരണകൂടം അംഗീകരിച്ചിട്ടില്ല.
ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം കൈമാറാൻ ഹമാസ് തയ്യാറായത്. ശവപ്പെട്ടിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ റെഡ് ക്രോസ് മുഖേനയാണ് ഹമാസ് ഇസ്രായേലിന് നൽകിയത്. എന്നാൽ ഡിഎൻഎ പരിശോധന ചെയ്തതിന് ശേഷമേ ലഭിച്ച മൃതദേഹങ്ങൾ ആരുടേതാണെന്ന് ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിക്കൂവെന്നാണ് വിവരം. 2 ദിവസത്തിനകം ഡിഎൻഎ പരിശോധനാ ഫലം വരും. ഇതിന് ശേഷമായിരിക്കും മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറുക.