ഇടുക്കി: പകുതിവില തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മഹിളാ കോൺഗ്രസ് നേതാവും ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിന്റെ വീട് ഇഡി സീൽ ചെയ്തു. ഷീബ വിദേശത്തായതിനാലാണ് കുമളിയിലെ വീട് ഇഡി ഉദ്യോഗസ്ഥർ സീൽ ചെയ്തത്. കേസിലെ മുഖ്യമന്ത്രി അനന്തു കൃഷ്ണനുമായി ഷീബ എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കും. നിലവിൽ തട്ടിപ്പ് കേസിൽ പ്രതിചേർത്തിട്ടില്ലെങ്കിലും ഷീബയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.
അനന്തു കൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫ് അഡ്വാൻസ് റിസർച്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ചെയർപേഴ്സണാണ് ഷീബ. ഇവർക്കെതിരെ വണ്ടൻമേട് പൊലീസിൽ സീഡ് കോഡിനേറ്റർമാർ പരാതി നൽകിയിട്ടുണ്ട്. മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതയാണ് പരാതി.
ഷീബ നിരവധി പേരെ പദ്ധതിയിൽ ചേർത്തുവെന്നും വിവരമുണ്ട്. തട്ടിപ്പ് പുറത്തറിഞ്ഞതോടെയാണ് ഷീബ വിദേശത്തേക്ക് കടന്നത്. ഷീബ സുരേഷ് ഉൾപ്പെടെയുള്ളവർ ചേർന്ന് തൊടുപുഴ കോളപ്ര കേന്ദ്രീകരിച്ച് എൻജിഒ രൂപീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. എൻജിഒയ്‌ക്ക് കീഴിൽ സംസ്ഥാനത്ത് 64 സീഡ് സൊസൈറ്റികൾ വിവിധ പേരുകളിൽ രൂപീകരിച്ച് നടപ്പിലാക്കിയിരുന്നു. ജനപ്രതിനിധികളെ കളത്തിലിറക്കിയായിരുന്നു ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്.
എന്നാൽ, കേസ് വിവാദമായതിന് പിന്നാലെ അനന്തു പണവുമായി കടന്നുകളഞ്ഞതല്ലെന്നും സാധനങ്ങൾ എത്താനുള്ള കാലതാമസം മാത്രമാണെന്നുമാണ് ഷീബ സംഭവത്തിൽ പ്രതികരിച്ചത്.















