ന്യൂഡൽഹി: അന്താരാഷ്‌ട്ര വിപണിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി ‘ലേഡി ഡോൺ’ ഡൽഹിയിൽ പിടിയിൽ. കുപ്രസിദ്ധ ഗുണ്ടാതലവൻ ഹാഷിം ബാബയുടെ ഭാര്യ സോയാ ഖാൻ (33) ആണ് അറസ്റ്റിലായത്.
മാസങ്ങളായി ഡൽഹി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ നിന്നാണ് സോയയെ പിടികൂടിയത്. ഇവരിൽ നിന്ന് 270 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.
ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ് സോയാ ഖാൻ. നിലവിൽ തീഹാർ ജയിലിലാണ് ഹാഷിം ബാബ. ഭർത്താവ് ജയിലിൽ ആയതിന് ശേഷം സോയാ ഖാനാണ് ക്രിമിനൽ സാമ്രാജ്യം ഭരിച്ചിരുന്നത്. കൊലപാതകം, ആയുധക്കടത്ത് തുടങ്ങി ഒരു ഡസനിലധികം കേസ് ഇയാൾക്കെതിരെയുണ്ട്. ഭർത്താവിന്റെ മയക്കുമരുന്ന് ശ്രംഖലയിലെ നിയന്ത്രിച്ചിരുന്നത് സോയാ ഖാൻ ആയിരുന്നുവെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വൃത്തങ്ങൾ പറയുന്നു.
ആഢംബര ജീവിതം നയിച്ചിരുന്ന സോയയ്‌ക്ക് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക വൃന്ദമുണ്ട്. വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിച്ചും പണം വാരിയെറിഞ്ഞ് പാർട്ടികൾ സംഘടിപ്പിച്ചും ഇവർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമാണ് ഇവർ. കഴിഞ്ഞ വർഷം സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ അമ്മയെ അറസ്റ്റ് ചെയതിരുന്നു. പിതാവിനും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ഭർത്താവിന്റെ വിശ്വസ്തരായ ആയുധധാരികൾ ഇവർക്ക് മുഴുവൻ സമയവും സംരക്ഷണം ഒരുക്കിയിരുന്നുവെന്നും പറയപ്പെടുന്നു.















