അഹമ്മദാബാദ്: അക്ഷരാർത്ഥത്തിൽ ഒരു സസ്പെൻ ത്രില്ലർ ചിത്രത്തിനാണ് നരേന്ദ്രമോദി സ്റ്റേഡിയം വേദിയായത്. ഫൈനൽ സാധ്യതകൾ മാറിമറിഞ്ഞ നിമിഷം. ഒടുവിൽ നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളം ഫൈനലിന് ബെർത്ത് ഉറപ്പാക്കിയപ്പോൾ അതിന് ടിക്കറ്റ് നൽകിയതാവട്ടെ ഒരു നിർണായക ക്യാച്ചും. ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ നേടിയ രണ്ടു റൺസിന്റെ ലീഡിലാണ് കേരളം ഫൈനൽ ഉറപ്പിക്കുന്നത്.
ഗുജറാത്തിന് ലീഡിന് മൂന്ന് റൺസും ഒപ്പമെത്താൻ രണ്ടും റൺസും വേണ്ട ഘട്ടം, കേരളത്തിന് ഒരു വിക്കറ്റ് സ്വന്തമാക്കിയാൽ ലീഡോടെ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാം. ആദിത്യ സർവാതെയുടെ ഓവറിലെ നാലാം പന്തിൽ അതുവരെ പ്രതിരോധിച്ചിരുന്ന അർസാന്‍ നഗ്‌വാസ്‌വാല വമ്പനടിക്ക് ശ്രമിക്കുന്നു. പന്ത് കണക്ടായെങ്കിലും ഗുജറാത്തിന്റെ നിർഭാഗ്യമെന്ന് പറയാം. ഷോർട്ട് ലെഗിൽ ഫീൾഡ് ചെയ്തിരുന്ന സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ തട്ടി ഉയർന്ന പന്തിന്റെ യാത്ര അവസാനിച്ചത് സ്ലിപ്പിൽ നിന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിലായിരുന്നു. അതുവരെ നിരാശ തളംകെട്ടിയ കേരള ക്യാമ്പിൽ ആവേശം അണപൊട്ടിയാെഴുകിയ നിമിഷങ്ങൾ. 48 പന്തിൽ പത്തു റൺസുമായി അർസാൻ പുറത്തായി.
പഴയ തിരുവിതാംകൂര്‍-കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയശേഷം 1957ലാണ് ആദ്യമായി രഞ്ജി ട്രോഫിയില്‍ മത്സരിക്കാനിറങ്ങുന്നത്. ഒരു ജയം പോലുമില്ലാതെയായിരുന്നു കേരളത്തിന്റെ രഞ്ജി അരങ്ങേറ്റം. കേരളത്തെ രഞ്ജിയിൽ അടാളപ്പെടുത്താൻ നാലു പതിറ്റാണ്ട് വേണ്ടിവന്നു.1994-95ല്‍ ഇന്നത്തെ ഐസിസി അമ്പയറായ കെ എന്‍ അനന്തപദ്മനാഭന്‍റെ നേതൃത്വത്തിലിറങ്ങിയ കേരളം ദക്ഷിണമേഖലാ വിജയികളായി പ്രീ ക്വാര്‍ട്ടറിലെത്തി.
1996-97 സീസണില്‍ ദക്ഷിണ മേഖലാ ജേതാക്കളായ കേരളം സൂപ്പര്‍ ലീഗിലേക്ക് കടന്നു. 2002-2003ൽ പ്ലേറ്റ് ലീഗ് ഫൈനലിലെത്തിയ കേരളം 2007-2008 സീസണില്‍ പ്ലേറ്റ് ലീഗ് സെമിഫൈനലിലെത്തി.2017-2018 സീസണിണിൽ കേരളം ആദ്യമായി രഞ്ജി ക്വാര്‍ട്ടറിലെത്തി. 2018-2019 സീസണില്‍ ആദ്യമായി സെമിയിലെത്തി ചരിത്രം രചിച്ചു.
View this post on Instagram
“>