എല്ലാ അടുക്കളയിലും കാണുന്ന സ്ഥിരം അതിഥിയാണ് പെരുംജീരകം. ആഹാരം പാകം ചെയ്യുമ്പോൾ മാത്രമല്ല, വെള്ളം തിളപ്പിച്ച് കുടിക്കാനും വെറുതെ ചവച്ചരച്ച് കഴിക്കാനും ഇവ ഉപയോഗിക്കാറുണ്ട്. എങ്ങനെ കഴിച്ചാലും ശരീരത്തിന് ഗുണം നൽകുന്നവയാണ് പെരുംജീരകം. എന്നാൽ എപ്രകാരം കഴിച്ചാലാണ് കൂടുതൽ ഗുണം? വെള്ളം കുടിക്കണോ അതോ ചവച്ചരച്ച് കഴിക്കണോ?
ജീരകം ചവച്ചരച്ചാൽ..
ഉമിനീർ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നതിനാൽ അതുവഴി ദഹനം മെച്ചപ്പെടുത്താൻ ജീരകം സഹായിക്കുന്നു. ജീരകത്തിലെ ഘടകങ്ങൾ ഉമിനീരിൽ അലിഞ്ഞ് ആമാശയത്തിലേക്ക് ചെല്ലുമ്പോൾ വയറിന്റെ വീർപ്പുമുട്ടൽ ഇല്ലാതാവുകയും ദഹനക്കേടിന് ആശ്വാസം ലഭിക്കുകയും ചെയ്യും. അനവധി ആന്റിമൈക്രോബിയൽ ഘടകങ്ങൾ ജീരകത്തിലുണ്ട്. ഇത് വായ്നാറ്റം ഇല്ലാതാക്കാൻ സഹായിക്കും. രക്തചംക്രമണത്തെ പ്രോത്സാഹിപ്പിച്ച് വായയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. എന്നാൽ അമിതമായി ജീരകം കഴിച്ചാൽ അത് അസിഡിറ്റിക്ക് ഇടയാക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
ജീരകവെള്ളം കുടിച്ചാൽ
വെറുംവയറ്റിൽ ജീരകവെള്ളം കുടിച്ചാൽ നിരവധി ഗുണങ്ങളാണുള്ളത്. വയറിലെ ആസിഡ് ഉത്പാദനത്തെ നിയന്ത്രിച്ച് നെഞ്ചെരിച്ചിലിനും വീർപ്പുമുട്ടലിനും ആശ്വാസം നൽകുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിന് നിർജലീകരണം സംഭവിക്കാതിരിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ മോശം ഘടകങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നതുവഴി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വൃക്കയുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടുതൽ ജീരകവെള്ളം കുടിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുമെന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
കുടിക്കണോ/ചവയ്ക്കണോ?
ദഹനത്തിനും വായയുടെ ആരോഗ്യത്തിനുമാണ് പ്രഥമ പരിഗണന നൽകുന്നതെങ്കിൽ പെരുംജീരകം ചവയ്‌ക്കുന്നതാണ് കൂടുതൽ നല്ലത്. മറിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുക, വിഷവിമുക്തമാക്കുക, മെറ്റബോളിസം വർദ്ധിപ്പിക്കുക എന്നതിനാണ് മുൻഗണന നൽകുന്നതെങ്കിൽ ജീരകവെള്ളം കുടിക്കാം..