ഭോപ്പാൽ: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വാദം വിവാഹിതയ്‌ക്ക് ഉയർത്താനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. വിവാഹിതയായ യുവതി നൽകിയ ബലാത്സംഗക്കേസിലാണ് കോടതിയുടെ നിരീക്ഷണം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉഭയസമ്മതപ്രകാരം ശാരീരികബന്ധത്തിലേർപ്പെടുകയും പിന്നീട് വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിലും പരാതിക്കാരി വിവാഹിതയാണെങ്കിൽ ഈ വാദം ഉന്നയിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിച്ചാണ് സമ്മതം വാങ്ങിയതെന്ന് ഇവിടെ പറയാൻ കഴിയില്ല. കാരണം പരാതിക്കാരി വിവാഹിതയായി ജീവിക്കുന്നയാളാണ്. വിവാഹജീവിതത്തിൽ തുടരുന്നതിനിടെയാണ് മറ്റൊരാൾക്കെതിരെ ബലാത്സംഗ പരാതി ഉന്നയിക്കുന്നത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായതിനാലും പരാതിക്കാരി വിവാഹിതയായതിനാലും വാദത്തിൽ കഴമ്പില്ലെന്നും കോടതി നിരീക്ഷിച്ചു. കീഴ്‌ക്കോടതി വിധിക്കെതിരെ ആരോപണവിധേയൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പരാതിക്കാരിയുടെ വാദങ്ങൾ അപ്രസക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. യുവതി കഴിഞ്ഞ വർഷം നൽകിയ ബലാത്സംഗക്കേസ് കോടതി റദ്ദാക്കുകയും ചെയ്തു. ജഡ്ജ് മനീന്ദർ എസ്. ഭാട്ടിയുടേതാണ് ഉത്തരവ്.















