ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായ പാകിസ്താൻ ആദ്യമത്സരം തോൽവിയോടെയാണ് തുടങ്ങിയത്. ന്യൂസിലൻഡിനെതിരെ 60 റൺസിന്റെ തോൽവിയേറ്റുവാങ്ങിയതിനുപിന്നാലെ ഓപ്പണറായിറങ്ങിയ ബാബർ അസമിനെതിരെ രൂക്ഷ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് ഉയർന്നത്. താരത്തിന്റെ മന്ദഗതിയിലുള്ള ബാറ്റിങ്ങാണ് പാകിസ്താന്റെ അർഹിച്ച ജയം തട്ടിയകറ്റിയതെന്ന ആരോപണവുമായി മുൻ പാക് താരങ്ങളും രംഗത്തുവന്നു.
ബാബറിന്റെ പ്രകടനത്തെ വിമർശിച്ചതിന് ചിലർ സോഷ്യൽ മീഡിയയിൽ തന്നെ രാജ്യദ്രോഹിയായി മുദ്രകുത്തിയെന്ന് മുൻ പാകിസ്താൻ താരം ബാസിത് അലി പറഞ്ഞു. ബാബർ അസം തനിക്ക് വേണ്ടിയാണോ അതോ രാജ്യത്തിനുവേണ്ടിയാണോ കളിക്കുന്നതെന്ന് ആദ്യം തീരുമാനിക്കണമെന്നും അദ്ദേഹം വിമർശിച്ചു.
“ബാബർ അസം 81 പന്തിൽ അർദ്ധസെഞ്ച്വറി നേടി, ആകെ 90 പന്തിൽ നിന്ന് നേടിയത് 64 റൺസ്. അദ്ദേഹം അർദ്ധസെഞ്ച്വറിക്ക് വേണ്ടി മാത്രമാണോ കളിച്ചത്? അദ്ദേഹത്തിന് തന്റെ രാജ്യത്തിനുവേണ്ടി കളിക്കേണ്ടിയിരുന്നില്ലേ ? രാജ്യമാണോ വലുത് അതോ ബാബർ അസമോ? ആരെങ്കിലും അദ്ദേഹത്തോട് ചോദിക്ക്,” പാകിസ്താൻ മദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാസിത് അലി പറഞ്ഞു.
“50 റൺസിനിടെ അഞ്ച് ഫോറാണ് നേടിയത്. അതിനേക്കാളും നന്നായി സൽമാൻ അലി ആഗ ബാറ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ബാബർ അസമിനെ വിമർശിച്ചതിന് ആളുകൾ എന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു,” ബാസിത് അലി പറഞ്ഞു.
മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷോയിബ് അക്തറും ബാബർ അസമിനെ വിമർശിച്ചു. താരത്തിന്റെ പ്രകടനത്തിൽ കളി മെച്ചപ്പെടുത്താനുള്ള യാതൊരു ഉദ്ദേശവും താൻ കാണുന്നില്ലെന്നായിരുന്നു ഷോയിബിന്റെ വാക്കുകൾ. ഉദ്‌ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 321 റൺസ് പിന്തുടരാനിറങ്ങിയ പാകിസ്താന് ബാബറിന്റെ അലസമായ ബാറ്റിംഗ് പ്രകടനം ഗുണം ചെയ്തില്ല. കളിയിൽ 71.11 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. തോൽവിയോടെ ടീമിന്റെ നെറ്റ് റൺ റേറ്റ് -1.20 ആയി കുറയുകയും ചെയ്തു.















