പാരിസ്: ഫ്രാൻസിൽ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ രണ്ട് പേർ പൊലീസുകാരാണ്. കിഴക്കൻ ഫ്രാൻസിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇസ്ലാമിസ്റ്റ് ഭീകരാക്രമണമാണെന്നതിൽ സംശയമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പ്രതികരിച്ചു. 37-കാരനായ അക്രമിയെ അറസ്റ്റ് ചെയ്തു.
രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനായി അന്വേഷണ ഏജൻസി തയ്യാറാക്കിയിരിക്കുന്ന നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നയാളാണ് അക്രമി. ഈ സാഹചര്യത്തിലാണ് ഭീകരാക്രമണമാണെന്ന നിഗമനത്തിൽ ഭരണകൂടമെത്തിയത്. ഫ്രാൻസിലെ ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടേഴ്സ് യൂണിറ്റിനാണ് (PNAT) കേസിന്റെ അന്വേഷണച്ചുമതല.
ഫ്രാൻസിലെ മുൾഹൗസിലാണ് ആക്രമണം നടന്നത്. തങ്ങളുടെ നഗരത്തെ ഭീതി വിഴുങ്ങിയെന്ന് മുൾഹൗസ് മേയർ മിഷേൽ ലൂട്സ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഭീകരാക്രമണമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കിലും നീതിന്യായ കോടതിയാണ് അക്കാര്യം സ്ഥിരീകരിക്കേണ്ടതെന്നും മേയർ കൂട്ടിച്ചേർത്തു.
ആദ്യം മുനിസിപ്പൽ പൊലീസ് ഓഫീസർമാരെയാണ് പ്രതി ആക്രമിച്ചത്. അല്ലാഹു അക്ബർ എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. ഓരോരുത്തരെയും കുത്തിപ്പരിക്കേൽപ്പിക്കുമ്പോൾ അക്രമി അല്ലാഹു അക്ബർ എന്ന് ആവർത്തിച്ചിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി.
തങ്ങളുടെ മണ്ണിൽ നിന്ന് ഭീകരവാദം തുടച്ചുനീക്കാൻ എന്തുനടപടിയും കൈക്കൊള്ളുമെന്നും ഫ്രഞ്ച് ഭരണകൂടം അതിന് പ്രതിജ്ഞാബദ്ധരാണെന്നും മാക്രോൺ വ്യക്തമാക്കി. ആക്രമണത്തിന് ഇരയായവർക്കും അവരുടെ കുടുംബത്തിനും രാജ്യം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
മതഭ്രാന്ത് വീണ്ടും അലയടിക്കുകയാണെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസിയോസ് ബൈറൂ പ്രതികരിച്ചു.















