വാഷിംഗ്ടൺ: ആഗോള രാഷ്‌ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ ‘ഇരട്ടത്താപ്പുകളെ’ വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ട്രംപും മോദിയും ഉൾപ്പെടെയുള്ള നേതാക്കൾ ദേശീയ താൽപ്പര്യങ്ങളെക്കുറിച്ചും അതിർത്തികൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും സംസാരിക്കുമ്പോൾ ഇടതുപക്ഷം ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ആരോപിക്കുന്നുവെന്ന് അവർ പറഞ്ഞു. ഇടതുപക്ഷ ലിബറലുകൾ ഈ നേതാക്കൾക്കെതിരെ എത്ര ചെളി വാരിയെറിഞ്ഞാലും, ആളുകൾ അവർക്ക് വോട്ട് ചെയ്യുന്നത് അവർ സ്വാതന്ത്ര്യത്തിന്റെ കുരിശുയുദ്ധക്കാരായതുകൊണ്ടാണെന്നും മെലോണി പറഞ്ഞു.
ഞായറാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയാണ് ഇറ്റാലിയൻ പ്രസിഡന്റിന്റെ പരാമർശം. “90 കളിൽ ബിൽ ക്ലിന്റണും (മുൻ യുഎസ് പ്രസിഡന്റ്) ടോണി ബ്ലെയറും (മുൻ യുകെ പ്രധാനമന്ത്രി) ആഗോള ഇടതുപക്ഷ ലിബറൽ ശൃംഖല സൃഷ്ടിച്ചപ്പോൾ, അവരെ രാഷ്‌ട്രതന്ത്രജ്ഞർ എന്നാണ് വിളിച്ചിരുന്നത്. ഇന്ന്, ട്രംപ്, മെലോണി, മിലേയ്, മോദി എന്നിവർ സംസാരിക്കുമ്പോൾ, അവരെ ജനാധിപത്യത്തിന് ഭീഷണിയെന്ന് വിളിക്കുന്നു. ഇതാണ് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്,” മെലോണി പറഞ്ഞു.
ട്രംപിന്റെ നേതൃത്വത്തിലും പ്രവർത്തന ശൈലിയിലും ആത്മവിശ്വാസം പ്രകടിപ്പിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി, ഇടതുപക്ഷ ലിബറലുകൾക്കിടയിലെ അസ്വസ്ഥത ചൂണ്ടിക്കാട്ടി. അവരുടെ അസ്വസ്ഥത ഹിസ്റ്റീരിയയായി മാറിയെന്നും ലോകമെമ്പാടുമുള്ള യാഥാസ്ഥിതിക നേതാക്കൾ ആഗോള വിഷയങ്ങളിൽ വിജയിക്കുകയും സഹകരിക്കുകയും ചെയ്യുന്നതിൽ അവർ ആശങ്കാകുലരാണെന്നും പറഞ്ഞു. ഇടതുപക്ഷത്തിന്റെ നുണകളിൽ ലോകം ഇനി വിശ്വസിക്കില്ലെന്നും ദേശീയ നേതാക്കളെ കുറിച്ചുള്ള ലക്ഷ്യം വച്ചുള്ള വിമർശനങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മെലോണി പറഞ്ഞു.















