തിരുവനന്തപുരം: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാക് മത്‌സരം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന മത്സരമാണ് ഇരു രാജ്യങ്ങളുടേതെന്നും താനും എല്ലാവരെയും പോലെ കളി കാണാനുള്ള ആവേശത്തിലാണെന്നും സഞ്ജു പറഞ്ഞു. മത്സരം ഇന്ത്യ ജയിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും താരം കൂട്ടിച്ചേർത്തു
ഐസിസി ചാമ്പ്യൻ ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി കളിയ്‌ക്കാൻ കഴിയാത്തതിൽ നിരാശയും താരം പങ്കുവച്ചു. ഇന്ത്യക്ക് വേണ്ടി ഐസിസി ടൂർണമെന്റുകൾ കളിക്കുക ഏതൊരാളുടെയും ആഗ്രഹമാണ്. ടീമിലിടം കണ്ടെത്താനാവാത്തത് ദൗർഭാഗ്യകരമാണ്. തന്റെ ഭാഗത്തുനിന്നും വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നന്നായി പരിശീലിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും താരം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്കിടെ കൈവിരലിന് പരിക്കേറ്റ സഞ്ജുവിന് രഞ്ജി ടീമിലും ഇടം കണ്ടെത്താനായിരുന്നില്ല. കൈവിരലിന് പൊട്ടലുണ്ടായിരുന്നതിനാൽ ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിരുന്നു. വിശ്രമത്തിനുശേഷം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻ.സി.എ) കായികക്ഷമത തെളിയിച്ചാൽ മാത്രമേ താരത്തിന് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാവുകയുള്ളു.