ഭോപ്പാൽ: കുംഭമേളയെ അവഹേളിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം മതപാരമ്പര്യങ്ങളെ അവഹേളിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിശ്വാസത്തെയും സാംസ്കാരിക ആചാരങ്ങളെയും പരിഹസിക്കുന്നവർ ‘അടിമത്ത മനോനില’ യുള്ളവരാണെന്ന് മോദി ആരോപിച്ചു. മധ്യപ്രദേശിലെ ഛത്തർപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ഇക്കാലത്ത്, മതത്തെ പരിഹസിക്കുകയും അവഹേളിക്കുകയും ആളുകളെ ഭിന്നിപ്പിക്കുന്നതിൽ വ്യാപൃതരാകുകയും ചെയ്യുന്ന ഒരു കൂട്ടം നേതാക്കൾ ഉണ്ട്. പലപ്പോഴും വിദേശ ശക്തികൾ ഈ ആളുകളെ പിന്തുണച്ച് രാജ്യത്തെയും മതത്തെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു,” പ്രധാനമന്ത്രി മോദി ആരുടേയും പേരുകൾ പരാമർശിക്കാതെ പറഞ്ഞു.
“ഹിന്ദു വിശ്വാസങ്ങളോട് വിദ്വേഷം പുലർത്തുന്നവർ നൂറ്റാണ്ടുകളായി വ്യത്യസ്ത രൂപങ്ങളിൽ നിലനിന്നിട്ടുണ്ട്. അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ കുടുങ്ങിക്കിടക്കുന്നവർ നമ്മുടെ വിശ്വാസത്തെയും, വിശ്വാസങ്ങളെയും, ക്ഷേത്രങ്ങളെയും, അതുപോലെ നമ്മുടെ സന്യാസിമാരെയും, സംസ്കാരത്തെയും, തത്വങ്ങളെയും ആക്രമിക്കുന്നു. എപ്പോഴും പുരോഗമന സ്വഭാവമുള്ള ഒരു മതത്തെയും സംസ്കാരത്തെയും ആക്രമിക്കാൻ അവർ ധൈര്യപ്പെടുന്നു. നമ്മുടെ സമൂഹത്തെ വിഭജിക്കുകയും അതിന്റെ ഐക്യം തകർക്കുകയും ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. ” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ ആർജെഡി നേതാവ് കുംഭമേളയെ അർത്ഥശൂന്യമെന്നും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മഹാകുംഭമേള എന്നൊന്നില്ലെന്നും ബിജെപി സർക്കാർ പണം പാഴാക്കുകയാണെന്നും ആരോപിച്ചിരുന്നു.















