കണ്ണൂർ: ആറളം ഫാമിൽ വനവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിന് പിന്നാലെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപനം. ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു.
ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനംവകുപ്പിന്റെ നഷ്ടപരിഹാരം. ഇതിൽ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യഗഡുവായി നൽകുക.
വീണ്ടുമൊരു കാട്ടാനയാക്രമണം നടന്ന സാഹചര്യത്തിൽ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആറളം ഫാം സന്ദർശിക്കും. തുടർന്ന് ആറളം ഗ്രാമപഞ്ചായത്തിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. രാവിലെ ഉദ്യോഗസ്ഥതലത്തിലുള്ള യോഗം ജില്ലാ കളക്ടർ വിളിച്ചിട്ടുണ്ട്. അതേസമയം ആറളം പഞ്ചായത്തിൽ ഇന്ന് ബിജെപി ഹർത്താലും തുടരുകയാണ്. വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി വൻ പ്രതിഷേധം നടന്നിരുന്നു. ഒടുവിൽ രാത്രി പതിനൊന്ന് മണിയോടെയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ മാറ്റാൻ അധികൃതർക്ക് സാധിച്ചത്.
കാട്ടാനയെ ഭയന്ന് ജീവിക്കാൻ പോലുമാകാത്ത അവസ്ഥയാണെന്ന് കൊല്ലപ്പെട്ട വെള്ളിയുടെയും ലീലയുടെയും മകൾ ലക്ഷ്മി പ്രതികരിച്ചു. ആളുകൾ കൊല്ലപ്പെടുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ ഇങ്ങോട്ടേക്ക് വരുന്നതെന്നും അല്ലെങ്കിൽ ആരും ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാറില്ലെന്നുമാണ് മകൾ പറയുന്നത്. ആറളം ഫാമിന് പുറത്തേക്ക് സ്ഥലം കണ്ടെത്തി തങ്ങളെ മാറ്റി താമസിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.















