‘കിംഗ്’ എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് ബാബർ അസമല്ല, വിരാട് കോലിയാണെന്ന് പാകിസ്താൻ മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ഇന്ത്യയുടെ തകർപ്പൻ ജയത്തിനുപിന്നാലെയാണ് മുഹമ്മദ് ഹഫീസിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ബാബറെ നിരന്തരം പ്രശംസിച്ചിരുന്ന പിആർ ഏജൻസികളെയും വക്താക്കളെയും ഹഫീസ് വിമർശിച്ചു.
ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 241 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം പിന്തുടർന്ന് ജയിച്ചത് കോലിയുടെ സെഞ്ച്വറി കരുത്തിലാണ്. തന്റെ അന്താരാഷ്‌ട്ര കരിയറിലെ 81-ാമത്തെ സെഞ്ച്വറിയാണ് വിരാട് കോഹ്‌ലി നേടിയത്. ഇന്നിംഗ്‌സിന്റെ അവസാന പന്തിൽ അതിശയിപ്പിക്കുന്ന ഒരു ബൗണ്ടറിയിലൂടെ വിജയം ഉറപ്പിച്ച് കോലി തന്റെ സെഞ്ച്വറി ആഘോഷിച്ചു. അതേസമയം, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ കഴിഞ്ഞില്ല. പവർപ്ലേയിൽ ബാബർ 26 പന്തിൽ നിന്ന് 23 റൺസ് നേടി. പക്ഷേ മത്സരത്തിന്റെ 9-ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ തരാം പുറത്തായി.
മത്സരശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച ഹഫീസ്, വിരാട് കോലിയെ ഒരു വലിയ കളിക്കാരനാണെന്ന് പ്രശംസിച്ചു. കോഹ്‌ലി ലോകമെമ്പാടും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും ‘കിംഗ്’ എന്ന പദവിക്ക് അദ്ദേഹം അർഹനാണെന്നും പറഞ്ഞു.
“വിരാട് ഒരു മികച്ച സ്റ്റേജ് പെർഫോമറാണ്. വലിയ അവസരങ്ങൾക്കായി അദ്ദേഹം കാത്തിരിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും ചെയ്യുന്നു.യഥാർത്ഥത്തിൽ, കിംഗ് എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ഒരാളുണ്ടെങ്കിൽ അത് വിരാട് കോലിയാണ്, ബാബർ അസമല്ല. അദ്ദേഹത്തിന്റെ പ്രകടനം നോക്കൂ. പിആറിനെ നിയമിച്ചുകൊണ്ട് രാജാവായിട്ടില്ല, ലോകമെമ്പാടും അദ്ദേഹം പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ പിആർ വക്താക്കളെ വിളിക്കൂ, അവർക്ക് കണ്ണാടി കാണിക്കൂ, യാഥാർഥ്യം തിരിച്ചറിയട്ടെ” ഹഫീസ് പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന്റെ രണ്ടാമത്തെ തോൽവിയാണിത്. ഇന്ത്യയ്‌ക്കെതിരായ തോൽവിയോടെ പാകിസ്താൻ ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴിയിലാണ്. ഇനി സെമിഫൈനലിലേക്ക് കടക്കണമെങ്കിൽ അവർക്ക് ശേഷിക്കുന്ന എല്ലാ മത്സരങ്ങളുടെയും ഫലത്തെ ആശ്രയിക്കണം. കൂടാതെ ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിൽ വലിയ മാർജിനിൽ വിജയിക്കുകയും വേണം.















