വത്തിക്കാൻ സിറ്റി: പത്ത് ദിവസത്തോളമായി ആശുപത്രിയിൽ കഴിയുന്ന പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. വൃക്കകൾ തകരാറിലായതിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസകോശ അണുബാധ മൂലമാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാർപാപ്പ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ശ്വസന ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിട്ടില്ല. ഉയർന്ന അളവിൽ സപ്ലിമെന്റൽ ഓക്സിജൻ നൽകുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. രക്തത്തിൽ പ്ലേറ്റ്ലറ്റുകളുടെ അളവ് കുറവായതിനാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് രണ്ട് യൂണിറ്റ് രക്തം നൽകിയിരുന്നു.
കഴിഞ്ഞ ദിവസത്തെ കുർബാനയിൽ മാർപാപ്പയുടെ സന്ദേശം വത്തിക്കാൻ പ്രസിദ്ധീകരിച്ചിരുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർക്ക് നന്ദിയറിയിച്ച അദ്ദേഹം പ്രാർത്ഥന തുടരണമെന്നും സന്ദേശത്തിൽ പറഞ്ഞു. റോമിലെ ജെമേലി ആശുപത്രിയിലാണ് ഫ്രാൻസിസ് മാർപാപ്പയുള്ളത്.















