ഇന്ത്യയോട് തോറ്റ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. തോൽവിക്ക് പിന്നാലെ ആതിഥേയർക്ക് സ്പോൺസർമാരെ ലഭിക്കുമോയെന്ന കാര്യംപോലും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസം ന്യൂസിലൻഡ് ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകൾ അസ്തമിച്ചു. ഇതോടെ ശേഷിക്കുന്ന മത്സരങ്ങൾക്ക് കാണികൾ വരുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് വെല്ലുവിളിയെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഉദ്യോഗസ്ഥർ പറയുന്നു.
1996 ലെ ലോകകപ്പിന് ശേഷം പാകിസ്താനിൽ നടക്കുന്ന ആദ്യ ഐസിസി ടൂർണമെന്റാണ് ചാമ്പ്യൻസ് ട്രോഫി. അതിനാൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷ ആതിഥേയർക്കുണ്ടായിരുന്നു. പാകിസ്താൻ സെമി ഫൈനലിൽ ഇടം നേടാത്തതിനാൽ പിസിബിക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാകും. ഗേറ്റ് രസീതുകളെയും ഗ്രൗണ്ട് വരുമാനത്തിന്റെ മറ്റ് വഴികളെയും ഇത് ബാധിക്കും. പ്രതിസന്ധിയിലായ ടീമിന്റെ ബ്രാൻഡ് മൂല്യം ഇടിയുന്നതിന് പുറത്താകൽ വഴിവച്ചേക്കുമെന്നാണ് പാകിസ്താന്റെ ആശങ്ക.
മെഗാ ഇവന്റിൽ ആളുകൾക്ക് താൽപ്പര്യം നഷ്ടപ്പെടുന്നു. പുറത്തുവരുന്ന പകുതി നിറഞ്ഞ സ്റ്റേഡിയങ്ങളുടെ ചിത്രങ്ങൾ നെഗറ്റിവായി ബാധിച്ചിട്ടുണ്ട്. ആരാധകർ, സ്പോൺസർമാർ, പരസ്യദാതാക്കൾ, പ്രക്ഷേപകർ എന്നിവരുടെ താൽപ്പര്യവും അടുപ്പവും ടീമിന്റെ പ്രകടനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ പരാജയപ്പെടുന്ന പക്ഷം സ്‌പോൺസർമാർ തങ്ങളുടെ പണം സംഗീതം, മറ്റ് കായിക വിനോദങ്ങൾ എന്നിവയിൽ നിക്ഷേപിക്കാൻ മടിക്കില്ലെന്നും പാകിസ്താൻ സൂപ്പർ ലീഗിന്റെ പത്താം പതിപ്പ് വരാനിരിക്കെ ചാമ്പ്യൻസ് ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനം പണവിപണിയിൽ പ്രതികൂലമായി ബാധിക്കുമെന്നും പിസിബി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.