ചെന്നൈ: കോയമ്പത്തൂരിലെ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളോടൊപ്പമാണ് അമിത് ഷാ പുതിയ ഓഫീസിലെത്തിയത്. പരമ്പരാഗത ചടങ്ങുകളോടെ ഗോമാതാവിന് ഭക്ഷണം നൽകിയ ശേഷമാണ് കേന്ദ്രമന്ത്രി ഉദ്ഘാടന ചടങ്ങുകളിലേക്ക് കടന്നത്. ‘എല്ലാവർക്കും വണക്കം’ എന്ന് തമിഴിൽ പറഞ്ഞായിരുന്നു അമിത് ഷാ പ്രസംഗം ആരംഭിച്ചത്.
ജനസമ്പർക്കത്തിന്റെയും പോരാട്ടത്തിന്റെയും ഓഫീസുകളാകണം എല്ലാ ബിജെപി ഓഫീസുകളെന്നും അമിത് ഷാ പറഞ്ഞു. “2026-ൽ എൻഡിഎ സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലെത്തും. തമിഴ്നാട്ടിൽ വേരൂന്നിയിരിക്കുന്ന ദേശവിരുദ്ധ ശക്തികളെ വേരോടെ പിഴുതെറിയും. ഡിഎംകെയുടെ രാജ്യവിരുദ്ധ, അഴിമതി ഭരണം ഇല്ലാതാക്കും. ഭാരതത്തിന്റെ വികസന സംസ്കാരം തമിഴ്നാട്ടിൽ ഉണ്ടാകും. തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിനായി പ്രധാനമന്ത്രി ഇടപ്പെട്ടിരുന്നു”.
“വ്യാപക അഴിമതിയാണ് തമിഴ്നാട്ടിൽ നടക്കുന്നത്. സമൂഹത്തിലെ എല്ലാ അഴിമതിക്കാരെയും ഡിഎംകെ തെരഞ്ഞെടുത്ത് അംഗങ്ങളാക്കി. രാജ്യവിരുദ്ധ നീക്കങ്ങൾ മാത്രമാണ് സംസ്ഥാനത്ത് ഇന്ന് നടക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയും മകനും മനഃപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്”.
2024-ൽ ഒഡീഷയിൽ ആദ്യമായി എൻഡിഎ സർക്കാർ രൂപീകരിച്ചു. ഇപ്പോൾ ആന്ധ്രാപ്രദേശിലും എൻഡിഎ അധികാരത്തിലെത്തി. വൈകാതെ അടുത്ത വർഷം തന്നെ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും. ഡിഎംകെ പാർട്ടിയിലുള്ള അഴിമതിക്കാരെയും ദേശവിരുദ്ധരെയും ജനങ്ങൾ പുറത്താക്കേണ്ട സമയമാണിതെന്നും അമിത് ഷാ പറഞ്ഞു.















