തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഉഷ്ണ തരംഗത്തിനും അല്പം ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഫെബ്രുവരി 28നും മാർച്ച് ഒന്നിനും മഞ്ഞ അലർട്ട് ആണ്. മാർച്ച് 2ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഫെബ്രുവരി 27, 28, മാർച്ച് 1 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.