രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയെ ആദ്യ ഇന്നിംഗ്സിൽ 379 റൺസിന് പുറത്താക്കി കേരളം. മൂന്ന് വീതം വിക്കറ്റെടുത്ത ഏദൻ ആപ്പിൾ ടോം എം.ഡി നിധീഷ്, രണ്ടു വിക്കറ്റ് നേടിയ എൻപി ബേസിൽ എന്നിവരാണ് കേരളനിരയിൽ തിളങ്ങിയത്. രണ്ടാം ദിനത്തിൽ വിദർഭയുടെ ആറു വിക്കറ്റുകൾ 125 റൺസ് ചേർക്കുന്നതിനിടെ കേരളത്തിന് വീഴ്‌ത്താനായി. 123.1 ഓവറിലാണ് വിദർഭ 379 റൺസ് നേടിയത്.
ഡാനിഷ് മലേവാർ 153 (285), യഷ് ഠാക്കൂർ(25), യഷ് റാത്തോഡ്(3), അക്ഷയ് വാഡ്കർ(23), അക്ഷയ് കർനേവർ(12), നചികേത് ഭൂട്ടെ(32) എന്നിവരാണ് ഇന്ന് പുറത്തായ താരങ്ങൾ. 10–ാം വിക്കറ്റിൽ നചികേത് ഭൂട്ടെ – ഹർഷ് ദുബെ സഖ്യം കൂട്ടിച്ചേർത്ത 44 റൺസാണ് വിദർഭയെ 350 കടത്താൻ സഹായിച്ചത്. അതേസമയം ഒന്നാം ഇന്നിംഗ്സിൽ ലീഡ് ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തിന് തുടക്കത്തിലേ തിരിച്ചടിയേറ്റു.
ആദ്യ ഓവറിലെ അഞ്ചാം പന്തിൽ രോഹൻ കുന്നുമ്മൽ ഡക്കായി. ദർശൻ നാൽകണ്ഡെയ്‌ക്കായിരുന്നു വിക്കറ്റ്. മൂന്നാം ഓവറിൽ അക്ഷയ് ചന്ദ്രനയും വീഴ്‌ത്തി ദർശൻ കേരളത്തെ ഭയപ്പെടുത്തി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച ആദിത്യ സർവതെ( 31), അഹമ്മദ് ഇമ്രാൻ (10) എന്നിവർ കേരളത്തെ 50 കടത്തി. 14 ഓവറിൽ രണ്ടു വിക്കറ്റിൽ 57 റൺസ് എന്ന നിലയിലാണ് കേരളം.