കോഴിക്കോട്: ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് ഗുരുതരപരിക്ക്. കോഴിക്കോട് താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിന് സമീപത്താണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. അടിപിടിയിൽ വട്ടോളി എംജെഎച്ച് എസ്എസിലെ മുഹമ്മദ് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഷഹബാസ് ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിയല്ല.
തലശ്ശേരിയിലെ ഒരു സ്വകാര്യ ട്യൂഷൻ സെന്ററിലാണ് സംഭവത്തിന്റെ തുടക്കം. സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ രണ്ട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ ഡാൻസിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരു വിഭാഗം വിദ്യാർത്ഥികളുടെ ഡാൻസിനിടെ പാട്ട് നിന്നതും തുടർന്ന് എതിർ പക്ഷക്കാർ കൂകി വിളിച്ച് ഇവരെ കളിയാക്കിയതുമാണ് അടിക്ക് കാരണം. ട്യൂഷൻ സെന്ററിലെ ജീവനക്കാർ ഇടപെട്ട് സംഘർഷം പരിഹരിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ട്യൂഷൻ സെന്ററിന് സമീപം ഇരു വിദ്യാർത്ഥി സംഘങ്ങളും സംഘടിച്ചെത്തി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിലാണ് പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് പരിക്കേൽക്കുന്നത്.
തലയ്‌ക്ക് പരിക്കേറ്റ ഷഹബാസിനെ കൂട്ടുകാർ തന്നെയാണ് വീട്ടിലെത്തിച്ചത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം ഷെഹബാസ് ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിയല്ലെന്ന് അദ്ധ്യാപകർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി സംഘർഷത്തിലേർപ്പെട്ട വിദ്യാർത്ഥികളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.