നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്‌ക്കെതിരെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതി കേരളം. തുടക്കത്തിലേ ബാറ്റിംഗ് തകർച്ചയിൽ നിന്നും കരകയറിയ ടീം നിലവിൽ 70.4 ഓവറിൽ 219/5 എന്ന നിലയിലാണ്. അർദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും 51 (109 ) മുഹമ്മദ് അസറുദീനുമാണ് ക്രീസിൽ. 185 പന്തിൽ 79 റൺസ് നേടി കേരളത്തിന്റെ രക്ഷകനായി മാറിയ ആദിത്യ സർവാതെയുടെയും സൽമാൻ നിസാറിന്ററെയും (21) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
5 വിക്കറ്റുകൾ ശേഷിക്കുമ്പോൾ വിദർഭയ്‌ക്കെതിരെ ലീഡ് നേടാൻ കേരളത്തിന് 160 റൺസ് കൂടി വേണം. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്‍റെയും അക്ഷയ് ചന്ദ്രന്‍റെയും അഹമ്മദ് ഇമ്രാന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ദിനം നഷ്ടമായത്. വിദര്‍ഭക്കായി ദര്‍ശന്‍ നാല്‍ക്കണ്ഡെ രണ്ടും യാഷ് താക്കൂര്‍ ഒരു വിക്കറ്റും നേടി. ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് പകരം നാലാമതായി ഇറങ്ങിയ അഹമ്മദ് ഇമ്രാനും ആദിത്യ സർവാതെയുമൊത്തുള്ള കൂട്ടുകെട്ടാണ് കേരളത്തെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. സർവാതെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 100 കടത്തി.
രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലായിരുന്നു. ഒന്നാം ഇന്നിംഗിൽ 379 റൺസ് നേടിയ വിദർഭയ്‌ക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തിലേ പതറി. ആദ്യ ഓവറിൽ രോഹന്‍ കുന്നുമ്മല്‍(0) ബൗള്‍ഡായി മടങ്ങി. രണ്ടാം ഓവറിൽ 11 പന്തില്‍ 4 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനും പുറത്ത്. ദര്‍ശന്‍ നാല്‍ക്കണ്ഡെയാണ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയത്. 14-2 എന്ന നിലയിലായിരുന്ന കേരളത്തെ സർവാതെ-ഇമ്രാൻ കൂട്ടുകെട്ട് കരകയറ്റിയെങ്കിലും അഹമ്മദ് ഇമ്രാനെ(37) പുറത്താക്കി യാഷ് താക്കൂര്‍ വിദർഭയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.