പാലക്കാട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് മിൻഹാജ് മെദാര്‍. പിവി അൻവറിനൊപ്പം തൃണമുൽ കോൺഗ്രസിൽ പ്രവർത്തിക്കാനില്ലെന്ന് വ്യക്തമാക്കിയ മിൻഹാജ് സിപിഎമ്മിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്റർ ആയിരുന്നു മിൻഹാജ്. അൻവറിനൊപ്പം ഡിഎംകെയിലും മിൻഹാജ് ഉണ്ടായിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഡിഎംകെ സ്ഥാനാർത്ഥി കൂടിയായിരുന്നു ഇയാൾ.
DMKയിൽ ചേർന്നത് തമിഴ്നാട്ടിലെ പ്രധാന രാഷ്‌ട്രീയ കക്ഷിയായതിനാൽ ആയിരുന്നുവെന്ന് മിൻഹാജ് പറഞ്ഞു. തമിഴ്നാട്ടിലെ DMK അൻവറിനൊപ്പം സഹകരിക്കാൻ സാധ്യതയില്ലെന്ന് പിന്നീട് മനസിലായി. ഇതോടെയാണ് അൻവർ തൃണമൂലിലേക്ക് മാറിയപ്പോൾ ഒപ്പം പോയത്. എന്നാൽ തൃണമൂൽ കോൺഗ്രസ് NDAയിൽ ചേരുമെന്ന് ഭയമുണ്ട്. അതുകൊണ്ട് തൃണമൂലിലെ സ്ഥാനങ്ങൾ രാജിവെക്കുകയാണെന്ന് മിൻഹാജ് വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിന്റെ പാലക്കാട്ടെ പ്രവർത്തകരും തനിക്കൊപ്പം CPMൽ ചേരുമെന്ന് മിൻഹാജ് പറഞ്ഞു. ഉടൻ കൺവെൻഷൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മിൻഹാജ് സ്ഥാനാർത്ഥിത്വം പിൻവലിച്ചത് കോൺഗ്രസ് ഇടപെടൽ കാരണമാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പ്രതികരിച്ചു. മിൻഹാജിനെ മത്സരത്തിൽ നിന്ന് പിന്മാറ്റിയത് ഷാഫി പറമ്പിലാണ്. ഒരു വിഭാഗം മുസിം വോട്ടുകൾ നഷ്ടമാവുമെന്ന് പറഞ്ഞാണ് മിൻഹാജിനെ മത്സരത്തിൽ നിന്ന് മാറ്റിയതെന്നും സിപിഎം നേതാവ് ആരോപിച്ചു.















