ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബദ്രിനാഥിന് സമീപമുണ്ടായ ഹിമപാതത്തിൽ 40 ൽ അധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പത്തുപേരെ ഇതിനോടകം രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരു സ്വകാര്യ കരാറുകാരന്റെ കീഴിൽ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഞ്ഞുവീഴ്‌ചയുണ്ടായിരുന്ന ബദ്രിനാഥിലെ മന ഗ്രാമത്തിന് സമീപമാണ് ഹിമപാതമുണ്ടായത്. 47 തൊഴിലാളികൾ ഇപ്പോഴും മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 57 തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നു. ഇതുവരെ 10 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി, ചിലർക്ക് ഹിമപാതത്തിനിടെ സ്വയം രക്ഷപ്പെടുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെയും ബിആർഒയുടെയും സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഐടിബിപിയും ഗർവാൾ സ്കൗട്ടുകളും നാട്ടുകാരോടൊപ്പം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
“ഇവരിൽ 10 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലുള്ളവരെ മനയ്‌ക്ക് സമീപമുള്ള സൈനിക ക്യാമ്പിലേക്ക് അയച്ചിട്ടുണ്ട്,” ഉത്തരാഖണ്ഡ് പൊലീസ് ആസ്ഥാനത്തെ വക്താവ് ഐജി നിലേഷ് ആനന്ദ് ഭർനെ പറഞ്ഞു. അതേസമയം, മൂന്നോ നാലോ ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ബിആർഒ എക്സിക്യൂട്ടീവ് എഞ്ചിനീയർ സിആർ മീനയും അറിയിച്ചു. എന്നിരുന്നാലും, കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.