ഇസ്ലാമാബാദ്: റംസാൻ വ്രതാരംഭത്തിന് തയ്യാറെടുക്കുന്നതിനിടെ വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ ഭീകരാക്രമണം. മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലെ നൗഷേരയിലുള്ള അക്കോറ ഖട്ടക്ക് ജില്ലയിലാണ് ഭീകരാക്രമണം നടന്നതെന്ന് മുതിർന്ന പൊലീസ് ഓഫീസർ അബ്ദുൾ റാഷിദ് പ്രതികരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.
ജാമിയ ഹഖാനിയ എന്ന സെമിനാരി-മസ്ജിദാണ് ആക്രമണത്തിൽ തകർന്നത്. അഫ്ഗാൻ താലിബാനുമായി ബന്ധമുള്ള ഇസ്ലാമിസ്റ്റ് സെമിനാരിയിലാണ് ബോംബ് പൊട്ടിയതെന്ന് പറയപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. വരുംദിവസം റംസാൻ വ്രതം ആരംഭിക്കാനിരിക്കെയാണ് ആക്രമണം. മാസപ്പിറവി കാണുന്നതിന് അനുസരിച്ച് നാളെയോ മറ്റന്നാളോ ആയിട്ടാകും വ്രതാരംഭം.