നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടാമെന്ന കേരളത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടി. കേരളത്തിനെ 342ന് പുറത്താക്കി വിദർഭ 37 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. 235 പന്തിൽ നിന്ന് 98 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ചെറുത്ത് നിൽപ് അവസാനിച്ചതോടെയാണ് കേരളത്തിന്റെ ലീഡ് പ്രതീക്ഷകൾക്കും മങ്ങലേറ്റത്. സ്കോർ 324 ൽ നിൽക്കെ പാർത്ഥ് രേഖാഡെയുടെ പന്തിൽ വിദർഭയുടെ മലയാളി താരം കരുൺ നായരുടെ ക്യാച്ചിലാണ് സച്ചിൻ പുറത്തായത്. സെഞ്ച്വറിക്ക് രണ്ട് റൺസകലെയായിരുന്നു മടക്കം.
ക്യാപ്റ്റനു പിന്നാലെ 76 പന്തിൽ 28 റൺസെടുത്ത ജലജ് സക്സേനയെയും പാർത്ഥ് രേഖാഡെ ബൗൾഡാക്കി. ആദിത്യ സർവാതെ (79), സൽമാൻ നിസാർ (21), മുഹമ്മദ് അസ്ഹറുദ്ദീൻ (34) എന്നിവരാണ് ഇന്ന് പുറത്തായ കേരളത്തിന്റെ മറ്റ് ബാറ്റർമാർ. ഏഴിന് 337 എന്ന സ്കോറിൽ നിന്നാണ് കേരളം 342ൽ ഓൾ ഔട്ടായത്. ഏദൻ ആപ്പിൾ ടോം (10), എംഡി നിധീഷ് (1), എന്നിവരടങ്ങുന്ന വാലറ്റം പ്രതിരോധമില്ലാതെ കീഴടങ്ങി. വിദർഭയ്‌ക്കായി ദർശൻ നാൽകണ്ഡെ, ഹർഷ് ദുബെ, പാർത്ഥ് രേഖാഡെ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്‌ത്തി.
രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലായിരുന്നു. ഒന്നാം ഇന്നിംഗിൽ 379 റൺസ് നേടിയ വിദർഭയ്‌ക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തിലേ പതറി. ആദ്യ ഓവറിൽ രോഹന്‍ കുന്നുമ്മല്‍(0) ബൗള്‍ഡായി മടങ്ങി. രണ്ടാം ഓവറിൽ 11 പന്തില്‍ 4 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനും പുറത്ത്. ദര്‍ശന്‍ നാല്‍ക്കണ്ഡെയാണ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയത്. 14-2 എന്ന നിലയിലായിരുന്ന കേരളത്തെ സർവാതെ-ഇമ്രാൻ കൂട്ടുകെട്ട് കരകയറ്റിയെങ്കിലും അഹമ്മദ് ഇമ്രാനെ(37) പുറത്താക്കി യാഷ് താക്കൂര്‍ വിദർഭയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭയ്‌ക്ക് രഞ്ജി ട്രോഫി സ്വന്തമാക്കാം. രണ്ട് ദിവസം മാത്രം അവശേഷിക്കെ ഇനി വിദർഭയെ പരാജയപ്പെടുത്തിയാൽ മാത്രമേ കേരളത്തിന് പ്രതീക്ഷയ്‌ക്ക് വകയുള്ളു.