ചാമ്പ്യൻസ് ട്രോഫിയിൽ ദയനീയ തോൽവികൾക്ക് പിന്നാലെ ദേശീയ ടീമിലെ നായക സ്ഥാനം രാജിവച്ച് ജോസ് ബട്ലർ. വൈറ്റ് ബോൾ ക്യാപ്റ്റൻസിയാണ് താരം ഒഴിഞ്ഞത്. കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കുന്നത് ക്യാപ്റ്റനായുള്ള തന്റെ അവസാന മത്സരമായിരിക്കുമെന്ന് ജോസ് ബട്ലർ മത്സരത്തിന് മുൻപുള്ള വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
“ഞാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ പോകുന്നു. എന്നെ സംബന്ധിച്ചും ടീമിനും ഇത് ശരിയായ തീരുമാനമാണ്” പുതിയ നായകന് പരിശീലകൻ ബ്രെൻഡൻ മക്കല്ലെത്തിനൊപ്പം ഇംഗ്ലണ്ട് ടീമിനെ മുന്നോട്ട് നയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബട്ലർ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം രാജിവച്ചെങ്കിലും ഇംഗ്ലണ്ടിനായി ബട്ലർ തുടർന്നും കളിക്കും. സങ്കടവും നിരാശയും തോന്നുന്നുണ്ടെങ്കിലും ക്രിക്കറ്റ് ആസ്വദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022 ജൂണിൽ ഒയിൻ മോർഗന് ശേഷം നായക സ്ഥാനം ഏറ്റടുത്ത ജോസ് ബട്ലർ ആ വർഷത്തെ ടി20 ലോക കിരീടം ഇംഗ്ലണ്ടിന് സമ്മാനിച്ചു. എന്നാൽ അതിന് ശേഷം ജോസ് ബട്ലറിന് അത്ര നല്ല കാലമായിരുന്നില്ല. 2023 ഏകദിന ലോകകപ്പ്, 2024 ടി20 ലോകകപ്പ്, ഇപ്പോൾ ചാമ്പ്യൻസ് ട്രോഫിയിലടക്കം കിരീടമില്ലാതെ പുറത്തായി. ബട്ലർ നായകനായ 36 ഏകദിനങ്ങളിൽ 22 തോൽവി വഴങ്ങി. 46 ടി20 കളിൽ 23 തോൽവികളും.