തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് അധികാരികളുടെ അനുമതി വാങ്ങണമെന്ന് സബ്കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അതാത് പ്രദേശത്തിനായി നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്ദത്തിന്റെ പരിധിയിൽ നിന്നും 10 ഡെസിബലിൽ അധികമാകാൻ പാടില്ല.
ഓരോ പ്രദേശങ്ങൾക്കും നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്ദത്തിന്റെ പരിധി ‘പകൽ -രാത്രി’ എന്ന ക്രമത്തിൽ വ്യാവസായിക മേഖല (75-70), വാണിജ്യ മേഖല (65-55), റെസിഡൻഷ്യൽ മേഖല (55-45), നിശബ്ദ മേഖല(50-40) എന്നിങ്ങനെയാണ്. പകൽ സമയം എന്നത് രാവിലെ 6 മുതൽ രാത്രി 10വരെ എന്നാണ് നിയമത്തിൽ നിർവചിച്ചിട്ടുള്ളത്. ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാവുന്നതാണെന്നും സബ്കളക്ടർ അറിയിച്ചു.
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടി തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ നാളെ ഉച്ചയ്‌ക്ക് 2ന് നടത്തുമെന്ന് നേമം ഭക്ഷ്യ സുരക്ഷാ ഓഫീസർ അറിയിച്ചു.പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങൾക്കും തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും പൂർണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷ ബോധവൽക്കരണപരിപാടി സംഘടിപ്പിക്കുന്നത്.