നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിനം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ വിദർഭയുടെ ലീഡ് നൂറ് കടന്നു. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിട്ടും കരുതലോടെ ബാറ്റ് വീശിയ ഡാനിഷ് മലേവാറും കരുണ്‍ നായരും ചേർന്നാണ് വിദർഭയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിദർഭ 34 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 90 റൺസെടുത്തിട്ടുണ്ട്. ഇതോടെ കേരളത്തിനെതിരെ വിദർഭയുടെ ആകെ ലീഡ് 127 ൽ എത്തി.
ഏഴ് റൺസെടുക്കുന്നതിനിടെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർമാരായ പാർത്ഥ് രേഖാഡെ(1), ധ്രുവ് ഷോറെ (5) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എം ഡി നിധീഷ്, ജലജ് സക്‌സേന എന്നിവരാണ് തൊട്ടടുത്ത ഓവറുകളിൽ വിക്കറ്റ് നേടിയത്. നേരത്തെ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379 റൺസ് പിന്തുടർന്ന കേരളം 342ന് പുറത്താവുകയായിരുന്നു.
സ്കോർ 5 ൽ നിൽക്കെയാണ് വിദർഭയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഒരു റൺസ് നേടിയ പാർത്ഥ് രേഖാഡെ ജലജ സക്സേനയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു. പിന്നാലെ പുറത്തയ ധ്രുവിനെ നിധീഷ് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ വിദർഭയ്‌ക്കായി ചെറുത്തുനിൽപ്പ് നടത്തുന്ന മലേവാര്‍ – കരുണ്‍ സഖ്യം ഇതുവരെ 80 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.