ന്യൂഡൽഹി: തമിഴ്നാട് ഹൗസിന് നേരെ ബോംബ് ഭീഷണി. ഡൽഹിയിലെ ചാണക്യപുരിയിലെ തമിഴ്നാട് ഹൗസിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ആളുകളെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡും പൊലീസും എത്തി പരിശോധന നടത്തിവരികയാണ്.
കെട്ടിടത്തിൽ നിന്ന് അസ്വഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഹൗസിന് പുറത്തും പരിസരപ്രദേശങ്ങളിലും വിശദമായി പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താത്തതിനാൽ ഇതൊരു വ്യാജ സന്ദേശമാണെന്നാണ് പൊലീസിന്റെ നിഗമനം.
സന്ദേശം എവിടെ നിന്നുവന്നു എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഡൽഹിയിലെ സ്കൂളുകൾക്ക് നേരെയും വിമാനത്താവളങ്ങൾക്ക് നേരെയും ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ബോംബ് സ്ക്വാഡ് എത്തി നടത്തിയ പരിശോധനയിൽ സന്ദേശങ്ങൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.















