താൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലറുമായി നായിക സഹകരിക്കുന്നില്ലെന്ന് തുറന്നടിച്ച് ദീപു കരുണാകരൻ. ഫയർമാൻ, ക്രേസി ഗോപാലൻ, വിൻ്റർ,തേജാ ഭായ് ആൻഡ് ഫാമിലി,കരിങ്കുന്നം സിക്സസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ദീപു. അദ്ദേഹം സഹ നിർമാതാവും സംവിധായകനുമായ ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ. ഇന്ദ്രജിത്തും അനശ്വര രാജനുമാണ് കേന്ദ്ര കഥാപാത്രങ്ങളായത്.
പ്രൊമോഷനുമായി നടി സഹകരിക്കുന്നില്ലെന്നാണ് ദീപു തുറന്നടിച്ചത്. ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പോലു ഇടാൻ അവർ തയാറായില്ല. എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ലെന്നും ദീപു കരുണാകരൻ പറഞ്ഞു. സിനിമയുടെ ചിത്രീകരണ സമയത്ത് സഹകരിച്ചെങ്കിലും പ്രൊമോഷന്റെ കാര്യം വന്നപ്പോൾ അവർ കൈമലർത്തി. സിനിമയുടെ പാട്ടുകൾ റിലീസായപ്പോൾ പ്രൊമോഷന്റെ ഭാഗമായി ഇൻസ്റ്റപോസ്റ്റുകൾ ഇടണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അവർ തയാറായില്ല. എനിക്ക് മ്യൂസിക്ക് കമ്പനിയുടെ ഭാഗത്ത് നിന്ന് വലിയ സമ്മർദ്ദമുണ്ട്.
പ്രൊമോഷന് വിളിച്ചപ്പോൾ ഏതെങ്കിലും ഒരു ദിവസം നോക്കട്ടെ എന്നായി പ്രതികരണം. പല തവണ അവരുടെ അമ്മയോടും മാനേജരോടും സംസാരിച്ചു. അമ്മയുടേത് നിസാഹയ പ്രതികരണമായിരുന്നു. മാജേർ ‘ദാ ഇപ്പോൾ ഇടുന്നു…. അഞ്ച് മിനിറ്റിൽ ഇടും… പത്തു മിനിറ്റിൽ ഇടും…. എന്നൊക്കെ പറഞ്ഞു പറ്റിക്കലും.
ഒടുവിൽ നടൻ ഇന്ദ്രജിത്ത് വരെ അവരോട് വിളിച്ച് സംസാരിച്ചു. ഈ ചെയ്യുന്നത് മോശമാണ്, നമ്മുടെ സിനിമയല്ലേ നിങ്ങൾ പ്രൊമോഷൻ ചെയ്യണമെന്ന് പറഞ്ഞു. ശരിയെന്ന് പറഞ്ഞ് ഫോൺ വച്ചവർ ഒന്നും ചെയ്തില്ല. ഗതികെട്ടാൽ അസോസിയേഷനിൽ പരാതി നൽകേണ്ടിവരുമെന്നും ദീപു മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഓഗസ്റ്റിൽ റിലീസ് തീരുമാനിച്ച ചിത്രമായിരുന്നു ഇത്. ഈ വർഷം തിയേറ്ററിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.