ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിലുണ്ടായ അസാധാരണ നയതന്ത്ര തർക്കങ്ങൾക്ക് പിന്നാലെ ഇംഗ്ലണ്ടിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കിക്ക് ഊഷ്‌മള സ്വീകരണം നൽകി യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. യുക്രെയ്‌നിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന 2.26 ബില്യൺ പൗണ്ടിന്റെ വായ്പാ കരാറിൽ യുക്രെയ്‌നും യുകെയും ശനിയാഴ്ച ഒപ്പുവച്ചു. ചാൻസലർ റേച്ചൽ റീവ്സും യുക്രേനിയൻ ധനകാര്യ മന്ത്രി സെർജി മാർചെങ്കോയുമാണ് വായ്പാ കരാറിൽ ഒപ്പുവച്ചത്. അടുത്ത ആഴ്ചയോടെ യുക്രെയ്നിൽ ആദ്യ ഗഡു ധനസഹായം എത്തും.
10 ഡൗണിംഗ് സ്ട്രീറ്റ് വസതിക്ക് പുറത്ത് കാത്തുനിന്ന ജനങ്ങൾക്ക് മുന്നിൽ സെലൻസ്‌കിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച സ്റ്റാർമർ യുദ്ധത്തിൽ തകർന്ന യൂറോപ്യൻ രാഷ്‌ട്രത്തിന് യുകെയുടെ അചഞ്ചലമായ പിന്തുണ അറിയിച്ചു. ജനങ്ങളെ അഭിവാദ്യം ചെയ്ത സെലൻസ്കി യുക്രെയ്ന് നൽകുന്ന പിന്തുണയ്‌ക്ക് നന്ദിയറിയിച്ചു. റഷ്യയുമായുള്ള യുദ്ധത്തിലുടനീളം യുകെ യുക്രെയ്‌നുവേണ്ടി ശക്തമായി നിലക്കൊണ്ടിരുന്നു. ഇന്ന് സെലൻസ്കി ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തും. കിഴക്കൻ ഇംഗ്ലണ്ടിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ വെച്ചാണ് യുക്രേനിയൻ പ്രസിഡന്റ് രാജാവിനെ കാണുന്നതെന്ന് യുകെയിലെ സൺ പത്രം റിപ്പോർട്ട് ചെയ്തു.
അതേസമയം വെള്ളിയാഴ്ച ട്രംപും സെലൻസ്കിയും തമ്മിൽ വൈറ്റ് ഹൗസിൽ വച്ച് നടത്തിയ സമാധാന ചർച്ചയിൽ നാടകീട സംഭവങ്ങൾ അരങ്ങേറി. കൂടിക്കാഴ്‌ച്ചയ്‌ക്കിടെ ഇരുനേതാക്കളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. സെലൻസ്കി യുഎസിനോട് അനാദരവ് കാണിക്കുന്നുവെന് ആരോപിച്ച ട്രംപ് യുക്രെയ്‌നിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തി. വാക്കുതർക്കം രൂക്ഷമായതോടെ യുക്രെയ്‌ൻ നേതാവിനോട് യുഎസ് പ്രസിഡൻറ് വൈറ്റ് ഹൗസിൽ നിന്നും പോകാൻ ആജ്ഞാപിക്കുകയായിരുന്നു. ഇതോടെ കീവ്, വാഷിംഗ്ടൺ എന്നിവ തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി ഓവൽ ഓഫിസിൽ നിന്നും പുറത്തേക്ക് പോയി. ട്രംപുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നിരവധി യൂറോപ്യൻ നേതാക്കൾ സെലൻസ്‌കിക്കും യുക്രെയ്‌നും പിന്തുണ അറിയിച്ചു.