ന്യൂഡൽഹി: ഇസ്രായേലിൽ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ഗബ്രിയേൽ പെരേരയാണ് മരിച്ചത്. ജോർദാനിൽ നിന്ന് ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. മരണവിവരം അറിയിച്ചുകൊണ്ട് ഇന്ത്യൻ എംബസി കുടുംബത്തിന് ഇമെയിലിലൂടെ സന്ദേശം അയച്ചു.
സംഭവസമയത്ത് ഗബ്രിയേലിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ എഡിസനും വെടിയേറ്റിരുന്നു. ഇയാളെ പരിക്കുകളോടെ നാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. എഡിസനും ഗബ്രിയേലും ഉൾപ്പെടെ നാലംഗ സംഘമാണ് അതിർത്തി വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചത്.
ഇവർ നാലുപേരും മൂന്ന് മാസത്തെ വിസിറ്റിംഗ് വിസയിലാണ് ജോർദാനിൽ എത്തിയത്. പിന്നീട് ഏജന്റ് വഴി ഇസ്രായേലിലേക്ക് കടക്കാനായി ശ്രമിക്കവെയാണ് സൈന്യത്തിന്റെ കണ്ണിൽപ്പെട്ടത്. ഇവരെ സൈന്യം തടഞ്ഞതോടെ സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെയാണ് സൈന്യം വെടിയേൽക്കുകയായിരുന്നു. തലയ്‌ക്ക് വെടിയേറ്റ ഗബ്രിയേൽ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.















