കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത ഹർജിയാണ് ഡിവിഷൻ ബെഞ്ചും തള്ളിയത്. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന സംസ്ഥാന സർക്കാർ വാദം അംഗീകരിക്കുകയായിരുന്നു ഹൈക്കോടതി.
ഹർജി തള്ളിയതിൽ ഏറെ നിരാശയും ദുഃഖവുമുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. പ്രത്യേക അന്വേഷണ സംഘം കാര്യമായി ഒരന്വേഷണവും ഇപ്പോൾ നടത്തുന്നില്ല. അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. കേരളാ പൊലീസിൽ ഇനി വിശ്വാസവുമില്ല. പ്രധാന പ്രതികളെയെല്ലാം പൊലീസ് സംരക്ഷിക്കുകയാണ്. പൊലീസ് അന്വേഷണത്തിലൂടെ നീതി കിട്ടില്ലെന്ന് ബോധ്യമായപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും മഞ്ജുഷ പറഞ്ഞു. ഹർജി തള്ളിയ സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നവീന്റെ സഹോദരനായ അഭിഭാഷകൻ അറിയിച്ചു.
എഡിഎമ്മായിരുന്ന നവീനെതിരെ വ്യാജ അഴിമതി ആരോപണമുന്നയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന സംശയം പിന്നീട് ഉയരുകയായിരുന്നു. സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യ പ്രതിയായ കേസ് പൊലീസ് ഒതുക്കി തീർക്കാനുള്ള ശ്രമം നടത്തുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലായിരുന്നു സിബിഐ അന്വേഷണം കുടുംബമാവശ്യപ്പെട്ടത്.















