ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലാൻഡ് മത്‌സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ബോഡി ഷെയ്മിങ് ചെയ്ത് പോസ്‌റ്റിട്ട കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിനെതിരെ കടുത്ത വിമർശനവുമായി ബിജെപി. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാലയാണ് ഷമയുടെ അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടി നൽകിയത്. രാഹുലിന്റെ നേതൃത്വത്തിന് കീഴിൽ നിരവധി തെരഞ്ഞെടുപ്പുകൾ പരാജയപ്പെട്ടവരാണ് രോഹിത്തിന്റെ ക്യാപ്റ്റൻസി മികവില്ലെന്ന് പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
“രാഹുലിന്റെ ക്യാപ്റ്റൻസിയിൽ 90 തെരഞ്ഞെടുപ്പുകൾ തോറ്റവർ പറയുന്നു രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് മികവില്ലെന്ന്. ഡൽഹിയിൽ ആറ് തവണ ഡക്ക് ഔട്ട് ആകുന്നതും 90 തവണ തെരഞ്ഞെടുപ്പ് തോൽവി ഏറ്റുവാങ്ങുന്നതും അവർ മികച്ചതായി കരുതുന്നു. എന്നാൽ ടി20 ലോകകപ്പ് ജയിക്കുന്നത് അങ്ങനെയല്ല! ക്യാപ്റ്റനെന്ന നിലയിൽ രോഹിതിന് മികച്ച ട്രാക്ക് റെക്കോർഡാണുള്ളത്,” ഷെഹ്‌സാദ് പൂനാവാല എക്‌സിൽ കുറിച്ചു.
ദുബായിൽ ഞായറാഴ്ച നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ 44 റൺസിന് പരാജയപ്പെടുത്തി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. എന്നാൽ രോഹിത് ശർമ്മ 17 പന്തിൽ 15 റൺസെടുത്ത് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ഇന്ത്യൻ ക്യാപ്റ്റനെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയത്. രോഹിത് തടിയനാണെന്നന്നും ശരീരഭാരം കുറയ്‌ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മികവില്ലാത്ത ക്യാപ്റ്റനാണെന്നും അവർ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. പിന്നാലെ പ്രതിഷേധം കനത്തതോടെ ഷമ പോസ്റ്റ് മുക്കി ക്ഷമാപണവുമായെത്തി. താൻ ആരെയും ബോഡി ഷെയ്മിങ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു കാരണവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്നുമായിരുന്നു കോൺഗ്രസ് വക്താവിന്റെ വിശദീകരണം.















